പുലർച്ചെ 4 മുതൽ 8 മണി വരെ വിവിധ മേഖലകളിൽ ഒരേസമയം നടത്തിയ പരിശോധന, ഓപ്പറേഷൻ തൂഫാൻ 2.0, എറണാകുളത്ത് പിഴ ചുമത്തിയത് 8.06 ലക്ഷം

Published : Oct 17, 2026, 06:19 PM IST
raid

Synopsis

എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി 'ഓപ്പറേഷൻ തൂഫാൻ 2.0' എന്ന പേരിൽ വാഹന പരിശോധന നടത്തി.

കാക്കനാട്: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ 2.0’ പ്രത്യേക വാഹന പരിശോധനയിൽ 159 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങൾക്ക് ആകെ 8,06,500 രൂപ പിഴ ചുമത്തി.

ഇന്ന് പുലർച്ചെ നാല് മുതൽ എട്ട് മണി വരെ ജില്ലയിലെ വിവിധ മേഖലകളിൽ ഒരേസമയം നടത്തിയ പരിശോധനയിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും നൂറോളം ഉദ്യോഗസ്ഥർ പങ്കെടുത്തു. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെയും ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.

അങ്കമാലി, കറുകുറ്റി, കറുകപ്പിള്ളി, പെരുമ്പാവൂർ, ആലുവ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, നേര്യമംഗലം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശോധന നടന്നത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം അപകട സാധ്യതകൾ കുറയ്ക്കുകയും റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം.

ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ, വാഹനനികുതി അടയ്ക്കാതിരിക്കൽ, മതിയായ പെർമിറ്റും ഇൻഷുറൻസും ഇല്ലാതെ സർവീസ് നടത്തൽ, നിയമവിരുദ്ധമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തൽ തുടങ്ങിയ നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. അനധികൃത കളർ ലൈറ്റുകൾ ഘടിപ്പിച്ചതും നമ്പർ പ്ലേറ്റുകൾ മറച്ചുവച്ചതും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാത്തതുമായ വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.

വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾ, പെർമിറ്റ്, ഇൻഷുറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചു. നിയമാനുസൃതമല്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കുന്നതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വാഹന ഉപയോഗവും തടയുന്നതിന് പരിശോധനയിൽ പ്രത്യേക പരിഗണന നൽകി.

പരിശോധനയിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി പൈപ്പിൽനിന്ന് കിണറ്റിലേക്ക് അനധികൃത പൈപ്പ്, ജലമോഷണം; 2.48 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ്
വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് തട്ടിയത് 16 ലക്ഷം; പ്രതി പിടിയിൽ, 10 ലേറെ കേസുകളിൽ പ്രതി