
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട് പൊലീസ്. മുത്തങ്ങയിലും അമ്പലവയല്‍ കോട്ടൂരിലും എം.ഡി.എം.എയുമായി പിടിയിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് നടത്തിയ തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവരെയും പിടികൂടിയത്. തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്‌കൂട്ടറിന്റെ വൈസറിനുള്ളില്‍ സഞ്ചിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 17.188 ഗ്രാം എംഡിഎംഎ യുമായി ജൂലൈ 27ന് മുത്തങ്ങയില്‍ വെച്ച് കോഴിക്കോട് രാമനാട്ടുകര തയ്യില്‍ വീട്ടില്‍ കെ ഫഹദ് (25)നെ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതിന്റെ തുടന്വേഷണത്തിലാണ് ഇയാള്‍ക്ക് ലഹരി കൈമാറിയ എ.കെ ധനൂപ് (27) നെ ബംഗളൂരുവിലെ ഫ്‌ളാറ്റില്‍നിന്നും ഈ മാസം എട്ടാം തീയതി പിടികൂടിയത്.
2026 ജൂലൈ 20ന് അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലെ കോട്ടൂരില്‍ നടത്തിയ പരിശോധനയില്‍ കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ വേണുഗോപാലി(35)നെ 124.39 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ സംഭവത്തിലാണ് ഇയാള്‍ക്ക് രാസലഹരി കൈമാറിയ പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30)യെ ബുധനാഴ്ച വൈകുന്നേരം ബത്തേരിയില്‍ നിന്ന് അമ്പലവയല്‍ പൊലീസ് പിടികൂടിയത്.
ബത്തേരി ഡി.വൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ മേല്‍നോട്ടത്തില്‍ ബത്തേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.എസ് അജേഷിന്റെയും അമ്പലവയല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന്‍ ജോയിയുടെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജില്ലയിലുട നീളം നടത്തുന്ന പരിശോധനകളില്‍ പിടിയിലാകുന്ന ലഹരി കേസുകളുടെ ഉറവിടം കണ്ടെത്തുന്നതിനും പൊലീസ് പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. ലഹരിക്കടത്ത്, വില്‍പ്പന, ഉപയോഗം എന്നിവ തടയുന്നതിനായി എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ശക്തമായ പരിശോധന നടത്തിവരുന്നുണ്ട്. കൂടാതെ ലഹരിക്കേസിലുള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികളും പൊലീസ് സ്വീകരിച്ചു വരികയാണ്. പ്രത്യേക പരിശീലനം ലഭിച്ച നാര്‍ക്കോട്ടിക് സ്‌നിഫര്‍ ഡോഗുമായി പൊലീസ് ഡോഗ് സ്‌ക്വാഡും, പൊലീസ് ഡ്രോണും പരിശോധനയില്‍ സജീവമാണ്. സമൂഹത്തില്‍ ലഹരി ഇല്ലായ്മ ചെയ്യുന്നതിനായി ഓപ്പറേഷന്‍ തൂഫാനില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ലഹരി ഉപയോഗത്തെയും വിപണനത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ പൊലീസിന് പങ്കുവെക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam