
കൽപ്പറ്റ: 87 വയസുള്ള ലക്ഷ്മിയമ്മയും 80 തികഞ്ഞ എൽസമ്മയും കേശവനും നാരായണനുമെല്ലാം പുറംലോകത്തെ വിശാലതയിലേക്ക് കുട്ടികളെ പോലെ നോക്കിനിന്നു. മുത്തങ്ങ ആനപന്തിയിലെ ആനകളെ കണ്ടപ്പോൾ കണ്ണുകൾ വിടർന്നു. കൂട്ടത്തിലെ മറ്റുള്ളവർക്കും അവർ ആവേശത്തോടെ ആനയെ കാണിച്ചു കൊടുത്തു.
'ആന വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റാത്തവരാണല്ലോ...'' എന്ന തമാശയ്ക്ക്, ''വേണമെങ്കിൽ ആന ഓടി രക്ഷപ്പെട്ടോട്ടെ'' എന്ന മറുപടിയുയർന്നു. പിന്നാലെ പൊട്ടിച്ചിരികളുയർന്നു. വാർധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് ഒരു ദിനം മുഴുവൻ ആഘോഷമാക്കി മാറ്റുകയായിരുന്നു അവർ.
കൽപ്പറ്റ ക്ലാര ഭവൻ, പഴൂർ സെന്റ് മാത്യൂസ് ഭവൻ എന്നീ വൃദ്ധസദനങ്ങളിലെ താമസക്കാർക്ക് വേണ്ടി വയനാട് ജില്ലാ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ ഉല്ലാസയാത്ര വേറിട്ടതായി മാറി. 'പ്രശാന്തി' പദ്ധതിയുടെ ഭാഗമായി ജില്ലാ വനം വകുപ്പിന്റെ സഹകരണത്തോടെ മുത്തങ്ങ വന്യജീവി സങ്കേതത്തിലേക്കാണ് ഏകദിന ഉല്ലാസ യാത്ര നടത്തിയത്.
വയോജനങ്ങൾക്ക് മാനസിക ഉല്ലാസം പകരുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര അക്ഷരാർത്ഥത്തിൽ സന്തോഷത്തിന്റെ കാഴ്ച്ചയായി മാറി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും അവശതകൾ മറന്ന് നിറഞ്ഞ മനസ്സോടെ എല്ലാവരും യാത്ര ആസ്വദിച്ചു. നടക്കാൻ പ്രയാസമുള്ളവരെ പൊലീസുകാരും വൃദ്ധസദനത്തിലെ ജീവനക്കാരും കൗൺസിലർമാരും ചേർന്ന് കൈ പിടിച്ചു നടത്തി. പ്രശസ്ത ഗായകൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇവർക്കായി ഒരുക്കിയ സംഗീത വിരുന്നും പരിപാടിയുടെ ഭാഗമായി.
പൊലീസ് ഉദ്യോഗസ്ഥരും വയോജനങ്ങളും പാട്ടുകളും കവിതകളും പാടി യാത്രക്കൊപ്പം അവസാനം വരെ തുടർന്നു. കാനന കാഴ്ചകൾക്കായുള്ള വന്യജീവി സഫാരി എല്ലാവരും ഒരുപോലെ ആസ്വദിച്ചു. സഫാരിക്കിടെ വയനാട് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്ററും വൈൽഡ് ലൈഫ് വാർഡനുമായ വരുൺ ഡാലിയ വയോജനങ്ങളുമായി സംവദിച്ചു.
കൽപ്പറ്റ ഡിവൈഎസ്പി ടി എ അഗസ്റ്റിൻ ക്ലാര ഭവനിൽ ഉല്ലാസ യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പൊലീസ് ബസിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലെത്തി ഇവിടെ നടന്ന പരിപാടിയിൽ ബത്തേരി ഡിവൈഎസ്പി എം എം അബ്ദുൾ കരീം മുഖ്യ അതിഥിയായി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ കെ സുന്ദരൻ, ജനമൈത്രി അസിസ്റ്റന്റ് നോഡൽ ഓഫീസർ എൻ കെ ദാമോദരൻ, എഎസ്ഐമാരായ എൻ ബഷീർ, കെ എം, അലാവുദ്ധീൻ, എ ബി ശ്യാം ലാൽ, സജീഷ്, എസ്‍സിപിഒമാരായ ടി കെ ദീപ, പി കമറുദ്ധീൻ, ബി പ്രശാന്ത്, പി സജിത് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി പി ബിനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ എ മുസ്തഫ, സിയാദ് സൽമാൻ, ശരത് ആർ ചന്ദ്രൻ, കെ രഞ്ജിത്ത്, ഫാ. എം ബി ഫ്‌ളാവിയൻ, സിസ്റ്റർ ആനി റോസ് തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam