
കോട്ടക്കൽ: മാറാക്കരയിലെ പ്രഭാത സവാരിക്കാർക്ക് ഒരു സന്തോഷ വാർത്ത. പ്രഭാത സവാരിക്കു ശേഷം അൽപ്പം വ്യായാമം വേണമെന്നുണ്ടെങ്കിൽ നിങ്ങൾക്കിതാ ഓപ്പൺ ജിംനേഷ്യം വരുന്നു. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ഓപ്പൺ ജിംനേഷ്യത്തിന് പദ്ധതി. തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടന്ന യോഗത്തിലാണ് തീരുമാനം.
കേന്ദ്ര സർക്കാരിന് കീഴിലുള്ള സാദി പദ്ധതിയിലാണ് പഞ്ചായത്തിനെ തെരഞ്ഞെടുത്തിട്ടുള്ളത്. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ പദ്ധതിക്ക് അന്തിമ രൂപം നൽകാനായിരുന്നു യോഗം ചേർന്നത്. കാടാമ്പുഴ ക്ഷേത്രം കേന്ദ്രീകരിച്ച് വിനോദ സഞ്ചാര പദ്ധതി, പ്രാഥമിക ചികിത്സാ ബോധവൽക്കരണം, മാതൃകാ ആരോഗ്യ കേന്ദ്രം ഒരുക്കൽ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പഞ്ചായത്തില എല്ലാ സ്‌കൂളുകളിലും എസ്.എസ്.കെയുടെ നേതൃത്വത്തിൽ ലൈഫ് സ്‌കിൽ പദ്ധതി, എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം എന്നിവക്കും പദ്ധതികളുണ്ട്. 2024ഓടെ പദ്ധതികൾ പൂർത്തിയാവും.
ഇ.ടി മുഹമ്മദ് ബഷീർ എം.പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ ജാഫർ മാലിക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മധുസൂദനൻ, ദേവകി, സാദി കോ ഓർഡിനേറ്റർ മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam