
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്ര വലിയ വിവാദത്തിലായിരിക്കുകയാണ്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. സർക്കാരിനെ വിമർശിച്ച് മുൻ മന്ത്രിമാരായ എംബി രാജേഷ്, വി. ശിവൻകുട്ടി എന്നിവർ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലും വിഡി സതീശനെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ മന്ത്രി കെ മുരളീധരനും വിടി ബൽറാം എംഎൽഎയും വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നു. ഇതോടെ പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ ഹെലിക്കോപ്റ്റർ യാത്രക്കെതിരെ വിഡി സതീശനും വിടി ബൽറാമും ഫേസ്ബുക്കിലിട്ട പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് ഇടത് അനുഭാവികൾ.
എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ഹെലിക്കോപ്റ്റർ വാടകയ്ക്കെടുത്തതിന് ധൂർത്തിന്‍റെ അങ്ങേയറ്റം എന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ വിമർശിച്ചത്. സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ് എന്നായിരുന്നു സതീശന്‍റെ പ്രതികരണം. 'ഇദ്ദേഹം വിജയനാണോ, അതോ ജയനാണോ, ഒരു ഹെലികോപ്റ്റർ കിട്ടിയിരുന്നെങ്കിൽ ഏഴെട്ടുപേരെ വെടിവെച്ച് കൊല്ലാമായിരുന്നു' എന്നായിരുന്നു വിടി ബൽറാം അന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
വിഡി സതീശന്‍റെ യാത്ര വിവാദമായതോടെ കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്ററിൽ ഒക്കെ സഞ്ചരിക്കേണ്ടിവരുമെന്നാണ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. ഹെലികോപ്റ്റർ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ വിമർശനമുന്നയിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടന്നുവരട്ടെ. സർക്കാർ അതിന് മറുപടി നൽകട്ടെ, കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെ അനുവദിച്ച് കാബിനറ്റ് റാങ്കിൽ പ്രതിപക്ഷ നേതാവിനെ വച്ചിരിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ് എന്നായിരുന്നു വിടി ബൽറാമിന്‍റെ പ്രതികരണം. ഇതോടെയാണ് പഴയ ഫേസ്ബുക്ക് കുറിപ്പ് ഇടത് അണികൾ കുത്തിപ്പൊക്കിയത്. മുഖ്യമന്ത്രി ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചത് യുഡിഎഫിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam