കൊല്ലത്ത് വയോധികയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജിം ട്രെയിനറായ തിരുവനന്തപുരം സ്വദേശി അർജുനാണ് പൊലീസിൻ്റെ പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.

കൊല്ലം: വയോധികയുടെ മാല മോഷ്ടിച്ച ജിം ട്രെയിനറായ 23കാരൻ പിടിയിൽ. തിരുവനന്തപുരം മലയൻകീഴ് ചിത്തിര വീട്ടിൽ അർജുനാണ് പൊലീസിന്റെ പിടിയിലായത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഓച്ചിറ ഇടയനമ്പലം ജിമിൽ ട്രെയിനറായ അർജുൻ ഇക്കഴിഞ്ഞ 12ന് വൈകിട്ട് ആറുമണിയോടെയാണ് ഇടക്കുളങ്ങര ക്ഷേത്രത്തിന് സമീപം വീടിൻ്റെ മുന്നിൽവെച്ച് 78കാരിയായ വയോധികയുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ്റെ സ്വർണമാല കവർന്നത്. സ്കൂട്ടറിൽ എത്തിയ പ്രതി വയോധികയോട് വഴി ചോദിക്കാനെന്ന വ്യാജേന എത്തിയാണ് മാല മോഷ്ടിച്ചത്.

സമീപത്ത് ആളുകൾ ഇല്ലെന്ന് മനസിലാക്കി മാല പൊട്ടിച്ചെടുത്ത് സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു. വയോധിക വീട്ടുകാർക്കൊപ്പം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം വ്യാപകമാക്കി. സമീപത്തുള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. നഷ്ടപ്പെട്ട മാല ക്ലാപ്പനയിലുള്ള പ്രതിയുടെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തു. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.