പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പ്രതിപക്ഷ നേതാവ് ഇടമലക്കുടിയില്‍

By Web TeamFirst Published Dec 31, 2019, 8:38 PM IST
Highlights

ഇത്തവണ പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ പ്രതിപക്ഷ നേതാവ് എത്തുന്നത് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കടിയിലേക്കാണ്.

ഇടുക്കി: ഇത്തവണ പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ പ്രതിപക്ഷ നേതാവ് എത്തുന്നത് സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കടിയിലേക്കാണ്. ഒന്നാം തീയതി രാവിലെ മൂന്നാറിലെത്തിയതിനുശേഷം ഏഴിന് ഇവിടെ നിന്നും രമേശ് ചെന്നിത്തല ഇടമലക്കടിക്ക് തിരിക്കും. മറ്റ് സന്തര്‍ശനത്തില്‍ നിന്ന് വ്യത്യസ്ഥമായി ഇടമലക്കുടിയില്‍ ആദിവാസികള്‍ക്കൊപ്പം താമസിച്ച് പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ശേഷമായിരിക്കും മലയിറങ്ങുക. 

പ്രതിപക്ഷ നേതാവ് ഇടമലക്കുടിയിലേക്ക് എത്തുന്നത് വികസന സ്വപ്‌നങ്ങള്‍ കൂടിയാണ്  ആദിവാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. ചെറിയ മഴ പെയ്താല്‍ പോലും ഒറ്റപ്പെടുന്ന ഇടമലക്കുടിയിലേയ്ക്ക് ഗതാഗതയോഗ്യമായ റോഡും, കുടിവെള്ളവും, ഹൈസ്‌കൂളും, മറ്റ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും എല്ലാം ഇന്നും അന്യമാണ്. 

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്ത് രൂപീകൃതമായി ഒരു പതിറ്റാണ്ട് പിന്നിടുമ്പോളും പഞ്ചായത്തോഫീസിന്റെ പ്രവര്‍ത്തനം പോലും ഇവിടേയ്ക്ക് മാറ്റുവാന്‍ കഴിഞ്ഞിട്ടില്ല. ആധുനിക സൗകര്യങ്ങളോടുകൂടി ആശുപത്രിയുടെ നിര്‍മ്മാണം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ടുതന്നെ കിലോമീറ്ററുകള്‍ കാനന പാത താണ്ടിയാണ് ഇന്നും ഇടമലക്കുടി നിവാസികള്‍ മൂന്നാറിലെത്തി നിത്യോപയോഗ സാധനങ്ങളടക്കം വാങ്ങി മടങ്ങുന്നത്. 

ഇത്തവണ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇടമലക്കുടിയിലേയ്ക്ക് എത്തുമ്പോള്‍ ആവേശ വരവേല്‍പ്പ് നല്‍കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആദിവാസി സമൂഹം. ഒപ്പം തങ്ങളുടെ വലിയ ദുരിതങ്ങള്‍ പ്രതിപക്ഷ നേതാവിന് മുമ്പില്‍ തുറന്ന് കാണിക്കുന്നതിനും കാത്തിരിക്കുകയാണ് ഇവര്‍. 

click me!