'ഈ ചില്ലറ തുട്ടുകൾക്കുള്ളത് കോടികളുടെ മൂല്യം'; സമ്പാദ്യമെല്ലാം ദുരിതാശ്വാസ നിധിലേക്ക് നൽകി കുട്ടപ്പൻ

By Web TeamFirst Published Apr 27, 2020, 9:06 PM IST
Highlights

ഏറെ നാളുകളായി മാവേലിക്കരയിലെ ഒരു കടത്തിണ്ണയിലാണ് അനാഥനായ കുട്ടപ്പന്റെ താമസം. ലോക്ക്ഡൗൺ ആയതോടെ ആഹാരവും വെള്ളവും കഴിക്കുവാൻ മാർഗമില്ലാതായി. 
 

ആലപ്പുഴ: നിരവധി പേരാണ് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭവനകളുമായി രംഗത്തെത്തുന്നത്. ആടിനെ വിറ്റും, ആഭരണങ്ങൾ കൊടുത്തുമൊക്കെയുള്ള സഹായങ്ങൾ ദിവസവും എത്തുന്നുണ്ട്. എന്നാൽ, ഇവയിൽ നിന്നെല്ലാം വ്യത്യസ്ഥമായി തന്റെ ആകെ സമ്പാദ്യമായ 381 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരിക്കുകയാണ് അനാഥനായ മധ്യവയസ്കൻ.

ലോക്ക്ഡൗൺ കാലയളവിൽ മാവേലിക്കരയിലെ മോട്ടോർവാഹന വകുപ്പ് അധികൃതർ മുടങ്ങാതെ ഭക്ഷണവും വെള്ളവും നൽകുന്ന തെരുവിൽ കഴിയുന്ന കുട്ടപ്പനെന്നയാളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ആകെ സമ്പാദ്യമായ 381 രൂപയുടെ ചില്ലറതുട്ടുകൾ നൽകിയത്. ഏറെ നാളുകളായി മാവേലിക്കരയിലെ ഒരു കടത്തിണ്ണയിലാണ് അനാഥനായ കുട്ടപ്പന്റെ താമസം. ലോക്ക്ഡൗൺ ആയതോടെ ആഹാരവും വെള്ളവും കഴിക്കുവാൻ മാർഗമില്ലാതായി. 

ഇതറിഞ്ഞ മാവേലിക്കര ജോയിന്റ് ആർ ടി ഒ, എം ജി മനോജും സംഘവുമാണ് ദിവസേന സഹായവുമായി എത്തുന്നത്. കഴിഞ്ഞദിവസം ആഹാരം നൽകുവാൻ എത്തിയപ്പോഴാണ് നാട് അനുഭവിക്കുന്ന ദുരന്തത്തിന് സർക്കാരിനെ സഹായിക്കാൻ തന്റെ സമ്പാദ്യം കുട്ടപ്പൻ നൽകിയത്. മാവേലിക്കരയിലെ ഒട്ടേറെ നിരാലംബരായവർക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഭക്ഷണവും വെള്ളവും നൽകുന്നുണ്ട്. 

click me!