
പത്തനംതിട്ട: തിരുവല്ല നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും മോഷണം നടത്തിയിരുന്ന അന്യ സംസ്ഥാന മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. പിടിയിൽ. സേലം നേതാജി നഗർ സ്വദേശി മുത്തുച്ചാമി ( 50 ) യെ ആണ് പിടികൂടി പോലീസിന് കൈമാറിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ വൈഎംസിഐ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിന്റെ ഷട്ടർ കുത്തി തുറന്ന് പ്രതി ഇൻവർട്ടർ മോഷ്ടിച്ചിരുന്നു.
സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യം ഉൾപ്പെടെ സ്ഥാപന ഉടമ തിരുവല്ല പോലീസിൽ പരാതി നൽകി. തുടർന്ന് പ്രതിക്കായി പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയാണ് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപത്തു നിന്നും ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ പ്രതി നാട്ടുകാരുടെ പിടിയിലായത്. പിടികൂടിയവർ വിളിച്ചറിയിച്ചറിയിച്ചതിനെ തുടർന്ന് തിരുവല്ല പോലീസ് സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മോഷണ മുതലുകൾ തിരുവല്ല മഴുവങ്ങാട് പ്രവർത്തിക്കുന്ന ആക്രിക്കടയിലാണ് വിറ്റിരുന്നത്. പ്രതിയെ ആക്രിക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി മോഷണ മതിലുകൾ കണ്ടെടുത്തു. വിവിധ സ്ഥലങ്ങളിലായി ഒളിപ്പിച്ചു വച്ചിരുന്നവയിൽ ചിലതും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും ചില കച്ചവട സ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടത്തിയിരുന്നത് താനാണെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. തിരുവല്ല റെയിൽവേ സ്റ്റേഷൻ സമീപം വയോധിക മാത്രം താമസിക്കുന്ന വീട്ടിൽ എത്തി പ്രതി നടത്തിയ മോഷണശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. മോഷണ മുതൽ വിറ്റു കിട്ടുന്ന പണം മദ്യപാനത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് പ്രതി ചെലവഴിച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി നിർമ്മാണം നടക്കുന്ന ഫ്ലാറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും അടച്ചിട്ട വീടുകളിലും മോഷണം നടക്കുന്നതായ പരാതികൾ ഏറിയിരുന്നു. ഇതിനിടയാണ് പ്രതി പിടിയിലായത്. എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam