
പാലക്കാട്: ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ എസ് ഐ ഗോവിന്ദപ്രസാദിന്‍റെ സർവീസിലെ അവസാന ദിവസം അവിസ്മരണീയമായി. ഒന്നര വർഷം മുമ്പ് ഒന്നര പവൻ സ്വർണ മാല നഷ്ടപ്പെട്ടെന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ വയോധികയുടെ വേദനക്ക് പരിഹാരം കണ്ടാണ് ഗോവിന്ദപ്രസാദ് ഔദ്യോഗിക ജിവിതത്തോട് വിടപറഞ്ഞത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വയോധികയെ സംബന്ധിച്ചടുത്തോളം അത്രമേൽ 'വിലപിടിച്ച' ഒന്നര പവനാണ് തിരികെ കിട്ടിയത്. ആ സന്തോഷ കണ്ണീരുമായി വയോധിക സ്റ്റേഷന്‍റെ പടിയിറങ്ങുമ്പോൾ എസ് ഐയുടെ പടിയിറക്കവും മനോഹര കാഴ്ചയായി.
സംഭവമിങ്ങനെ...
ഒന്നര വർഷം മുൻപ് പഴമ്പലക്കോട് സ്വദേശിയായ ഒരു വയോധിക തന്‍റെ ഒന്നര പവൻ സ്വർണ മാല നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒറ്റപ്പാലം സ്റ്റേഷനിലെത്തി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഘട്ടത്തിലാണ് അറുപത്തിയഞ്ചുകാരിക്ക് മാല നഷ്ടപ്പെട്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇവർക്ക് ഏറെ വിലപ്പെട്ടതായിരുന്നു ഒന്നര പവൻ. ആശുപത്രിയിൽ എക്‌സ്‌റേ എടുക്കാൻ വന്നപ്പോഴായിരുന്നു സംഭവം. വയോധിക ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകി. എക്സ്റേ എടുക്കാനായി പോയപ്പോൾ മറന്നു വച്ചതായിരുന്നു മാല. എക്‌സ്‌റേ സെന്ററിലെ ജീവനക്കാരടക്കം നിരവധി പേരെ ചോദ്യം ചെയ്ത ഒറ്റപ്പാലം പൊലീസ് സാധ്യമായ എല്ലാ രീതിയിലും അന്വേഷണം നടത്തി. എന്നാൽ ഒരു സൂചനയും ലഭിച്ചില്ല.
മാല വച്ച സ്ഥലമോ കൃത്യം എവിടെ വച്ച് നഷ്ടപ്പെട്ടെന്നോ അവർക്ക് അറിയില്ലായിരുന്നു. മോഷണമാണെന്നതിനും തെളിവില്ലായിരുന്നു. സി സി ടി വി ക്യാമറയുടെ അഭാവവും ഒരു പോരായ്മയായിരുന്നു. പരാതിക്കാരി നിരന്തരം സ്റ്റേഷനിലെത്തി അന്നത്തെ സ്റ്റേഷൻ റൈറ്റർ ആയിരിക്കുന്ന ഗോവിന്ദ പ്രസാദിനോട് മാലയെ കുറിച്ച് ചോദിക്കാറുണ്ടായിരുന്നെങ്കിലും നിസ്സഹായ അവസ്ഥയിലായിരുന്നു പൊലീസ്.
വയോധികയുടെ സങ്കടവും നിരാശയും കണ്ടപ്പോൾ വിഷമം തോന്നിയ സബ് ഇൻസ്‌പെക്ടർ തന്‍റെ സർക്കിൾ ഇൻസ്‌പെക്ടറോട് ഒരു പുതിയ ചെയിൻ വാങ്ങാനുള്ള സാധ്യത ആരാഞ്ഞു. അദ്ദേഹം അനുമതി നൽകിയതോടെ സ്റ്റേഷനിലെ ഓരോ പൊലീസ് ഉദ്യോഗസ്ഥരും സഹായം വാഗ്ദാനം ചെയ്തു. യാത്രയയപ്പ് വേദിയിലേക്ക് ഇവരെ വിളിച്ചുവരുത്തി നഷ്ടപ്പെട്ട സ്വർണമാലയ്ക്കു പകരം മറ്റൊരു മാല വയോധികയ്ക്കു സമ്മാനിച്ചു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് മാല അവരെ അണിയിച്ച ശേഷമായിരുന്നു ഗോവിന്ദപ്രസാദിന്‍റെ പടിയിറക്കം.