
തൃശൂര്‍: കഞ്ചാവ് വില്‍പ്പന പൊലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യത്തില്‍ കല്ലൂര്‍ പുല്ലുത്തിയില്‍ ലഹരി സംഘം യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വീട് ആക്രമിച്ചു. യൂത്ത് കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം പ്രസിഡന്‍റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ റിന്റോക്കും സഹോദരന്‍ റിജോ, അമ്മ മേരീസ് എന്നിവര്‍ക്കും പരുക്കേറ്റു. ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കൈയ്ക്ക് പരിക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.
വ്യാഴാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലും എത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്. വീടിനുള്ളില്‍ കയറിയ പ്രതികള്‍ മേരീസിനെ പുറത്തേക്ക് വലിച്ചിഴച്ചെന്ന് പരാതിയിൽ പറയുന്നു. ഇതുകണ്ടുവന്ന റിജോയെ വാഹനത്തിന്‍റെ താക്കോല്‍ കൊണ്ടും ഇടിക്കട്ട കൊണ്ടും കണ്ണില്‍ ഇടിച്ചു. സംഭവമറിഞ്ഞെത്തിയ റിന്റോയെ റോഡിലിട്ട് അക്രമികൾ മര്‍ദിച്ചു. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ എത്തിയ ഉടനെ പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോയില്‍ രക്ഷപ്പെട്ടു. പ്രതികളിലൊരാളായ സമീപവാസിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പരുക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത് റിന്റോ മാസങ്ങള്‍ക്ക് മുമ്പ് പൊലീസില്‍ അറിയിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പുതുക്കാട് പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രദേശത്തെ ലഹരി സംഘങ്ങളെ പിടികൂടണമെന്നും കൊടകര ബ്ലോക്ക് പഞ്ചായത്തംഗം ജെറോം ജോണ്‍, വാര്‍ഡ് മെമ്പര്‍ സജിത രാജീവ് എന്നിവര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരെ വീട് കയറി ആക്രമണം, കൊലപാതകശ്രമം എന്നി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam