
ഇടുക്കി: സംസ്ഥാനത്തെ പ്രാധാന വിനോദ സഞ്ചാരമേഖലയിൽ സമാന്തര സർവ്വീസ് നടത്തുന്ന 500 ഓട്ടോകള്‍ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവയെന്ന് പൊലീസ് വകുപ്പ്. കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇത്തരം ഓട്ടോകള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാറിലെ ട്രാഫിക്ക് പരിഷ്‌കാരങ്ങളുടെ ഭാഗമായി ഡിവൈഎസ്പി, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് 500 ഓട്ടോകള്‍ വിവിധ കേസുകളില്‍ പിടിച്ചെടുക്കേണ്ടതാണെന്ന് അറിയിച്ചത്.
നിലവില്‍ മൂന്നാറില്‍ 2000 ത്തോളം ഓട്ടോകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുണ്ട്. എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ഓട്ടോകള്‍ പലതും സമാന്തര സര്‍വ്വീസ് നടത്തുന്നത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന് നല്‍കിയ ലിസ്റ്റിലെ ഓട്ടോകള്‍ കണ്ടെത്തുന്നതിന് ബുധനാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കി. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, മൂന്നാര്‍ ട്രാഫിക്ക് യൂണിറ്റ്, പൊലീസ്, പിങ്ക് പൊലീസ് എന്നിവര്‍ സംയുക്തമായാണ് പരിശോധന.
പിടിച്ചെടുക്കുന്ന ഓട്ടോകള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. മൂന്നാര്‍ പഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ ഓട്ടോകളുടെ എണ്ണം കുറയ്ക്കുന്നതിന് നമ്പറുകള്‍ ഇടുന്ന നടപടികള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. ഇതോടൊപ്പം പേപ്പറുകള്‍ കൃത്യമായുള്ളവയ്ക്ക് മോട്ടോര്‍ വെയിക്കിള്‍ വകുപ്പ് സ്റ്റിക്കറുകള്‍ പതിക്കും. ഇത്തരം ഓട്ടോകള്‍ക്ക് മാത്രമായിരിക്കും ഇനി മുതല്‍ മൂന്നാറില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുക.
പരിശോധനകള്‍ കര്‍ശനമാക്കുന്നതോടെ ഓട്ടോകളുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. സന്ദര്‍ശകരുടെ സുരക്ഷയുറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നടത്തുന്ന പരിശോധനകളില്‍ രാഷ്ട്രീയപാര്‍ട്ടികളും സഹരിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ എന്നിവരുടെ നേത്യത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം കൂടിയിരുന്നു. മൂന്നാറിലെ അനധികൃത പാര്‍ക്കിംങ് ഒഴിവാക്കുന്നതിനും ഓട്ടോകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയുന്നതിനും നടപടി സ്വീകരിക്കാന്‍ മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാറിനെ ചുമതലപ്പെടുത്തി.
ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മൂന്നാര്‍ എസ്ഐ പരിശോധനകള്‍ കര്‍ശനമാക്കി. ഇതോടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമയാണ് പൊലീസും മോട്ടോര്‍ വെയിക്കിള്‍ വകുപ്പും സംയുക്തമായി പരിശോധനകള്‍ നടത്തുന്നത്. മൂന്നാർ ടൗൺ, പഴയ മൂന്നാർ, പോസ്റ്റോഫീസ് കവല, പെരിയവാരകവല എന്നിവിടങ്ങളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. മോട്ടോര്‍ വെയിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ ഷാജിയുടെ നേത്യത്വത്തില്‍ അസി. ഓഫീസര്‍മാരായ എം റ്റി റിച്ചാര്‍ഡ്, ഡാനി നൈറാന്‍, പി എസ് മുജീബ് എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam