
ഈരാറ്റുപേട്ട: വര്‍ഷങ്ങള്‍ നീണ്ട ദുരിതയാത്രയ്ക്കൊടുവില്‍ ഈരാറ്റുപേട്ട - വാഗമണ്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി. ബിഎംബിസി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡിന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി നിര്‍വഹിച്ചു. 19 കോടിയോളം രൂപ ചെലവിട്ടാണ് റോഡിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്
വര്‍ഷങ്ങളായി പൊളിഞ്ഞു പാളീസായി കിടന്ന റോഡാണ് ഈ വിധം വൃത്തിയായത്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തന്നെ റോഡിനായി പണം അനുവദിച്ചിരുന്നെങ്കിലും കരാറുകാരന്‍റെ മെല്ലപ്പോക്കിനെ തുടര്‍ന്നാണ് റോഡ് പണി വൈകിയത്. നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പുതിയ കരാറുകാരനെ പണി ഏല്‍പ്പിച്ചതും ഒടുവില്‍ ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായതും.
അരുവിത്തുറ പളളി ജങ്ഷനില്‍ നിന്ന് ആഘോഷപൂര്‍വമാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡിന്‍റെ ഉദ്ഘാടന വേദിയിലേക്ക് എത്തിയത്. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്നും ആ അര്‍ഥത്തില്‍ മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി അരിക്കൊമ്പന്‍ മാറിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മരാമത്ത് മന്ത്രി പറഞ്ഞു.
വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഈരാറ്റുപേട്ട വാഗമണ്‍ റോഡിന് അനുബന്ധമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഉദ്ഘാടന വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പ്രതിഷേധവുമായി ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജ് രംഗത്തു വന്നു. ടെന്‍ഡര്‍ ഘട്ടം മുതല്‍ റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നെന്നും വരും ദിവസങ്ങളില്‍ ഈ അഴിമതി പുറത്തു കൊണ്ടു വരുമെന്നും ഷോണ്‍ പറഞ്ഞു.
ചിന്നക്കനാലില്‍ നിന്ന് ആനിമല്‍ ആംബുലന്‍സിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോണ്‍വോയ് ആയിട്ടായിരുന്നു മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പന്‍റെ യാത്ര. അരിക്കൊമ്പന്‍റെ ഈ യാത്ര തത്സമയം ടെലിവിഷനിലും ഓണ്‍ലൈനിലും കണ്ടവര്‍ വനംവകുപ്പിന്‍റെ വാഹനങ്ങള്‍ ചീറിപാഞ്ഞു പോയ റോഡ് കണ്ട് അമ്പരന്നിരുന്നു. പൂര്‍ണമായും പണിതീര്‍ന്ന, ഹെയര്‍ പിന്‍വളവുകളും മറ്റുമുള്ള മനോഹരമായ റോഡെന്നത് തന്നെയായിരുന്നു ആ അമ്പരപ്പിന് പിന്നിലുണ്ടായിരുന്നത്.
കട്ടച്ചങ്ക്, ഇടയ്ക്ക് ഉടക്കും, ഒടുവിൽ ചതി; അരിക്കൊമ്പനെ മയക്കുവെടിവെക്കാൻ 'സഹായിച്ചത്' ചക്കക്കൊമ്പൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം