കാഴ്ച്ചക്കാരായി നാട്ടുകാര്‍: കാറിടിച്ച് 20 മിനിറ്റോളം റോഡില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം

By Web TeamFirst Published Jun 8, 2023, 11:23 AM IST
Highlights

അപകടം നടന്ന ഉടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും ധനീഷ് മരിച്ചെന്ന് അവരും കരുതി. 

ആലപ്പുഴ: കാറിടിച്ച് പരുക്കേറ്റ് 20 മിനിറ്റോളം ചോരവാര്‍ന്ന് റോഡരികില്‍ കിടന്ന യുവാവ് മരിച്ചു. കോടംതുരുത്ത് മഴത്തുള്ളി വീട്ടില്‍ പരമേശ്വരന്റെ മകന്‍ ധനീഷാണ് (29) ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് ദേശീയപാതയില്‍ കോടംതുരുത്ത് ഗവ. എല്‍പി സ്‌കൂളിനു മുന്നില്‍ അപകടത്തില്‍ മരിച്ചത്. 

അറക്കാനുള്ള തടി മില്ലില്‍ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്ന ധനീഷിനെയും കാല്‍നട യാത്രക്കാരനായ രാഹുലിനെയും (30) നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാഹുലിനു പരുക്കേറ്റെങ്കിലും ബോധമുണ്ടായിരുന്നു. കാര്‍ യാത്രക്കാര്‍ വിളിച്ചുവരുത്തിയ ആംബുലന്‍സില്‍ രാഹുലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. ചലനമറ്റു കിടന്നിരുന്ന ധനീഷ് മരിച്ചെന്നു കരുതി ഇതില്‍ കയറ്റിയില്ലെന്നാണ് വിവരം. അപകടം നടന്ന ഉടന്‍ ആളുകള്‍ ഓടിക്കൂടിയെങ്കിലും ധനീഷ് മരിച്ചെന്ന് അവരും കരുതി. 

സമീപത്തെ കോടംതുരുത്ത് ഗവ. എല്‍പി സ്‌കൂളില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന എം.ധന്യയും ജെസി തോമസും റോഡിലെ ആള്‍ക്കൂട്ടം കണ്ടാണ് അന്വേഷിച്ചെത്തിയത്. ധനീഷിനെ ഇരുവരും ചേര്‍ന്നു നിവര്‍ത്തി കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോള്‍ ജീവനുണ്ടെന്ന് മനസിലായി. തുടര്‍ന്ന് അതുവഴി വന്ന വാഹനം കൈകാണിച്ച് നിര്‍ത്തി. ധനീഷിനെ അന്വേഷിച്ച് അപ്പോഴേക്കും സഹോദരന്‍ നിധീഷ് എത്തിയിരുന്നു. എല്ലാവരും ചേര്‍ന്ന് ധനീഷിനെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗുരുതര പരുക്കോടെ രാഹുല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂട്ടര്‍ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നു കുത്തിയതോട് പൊലീസ് പറഞ്ഞു. സതിയാണ് ധനീഷിന്റെ മാതാവ്. മറ്റു സഹോദരങ്ങള്‍: ബിനീഷ്, നിഷ. 
 

  'വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തില്‍ അന്വേഷണം വേണം' കാലടി സർവകലാശാല വിസിയോട് മലയാളം വിഭാഗം
 

  ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

click me!