കൊയ്യാൻ യന്ത്രങ്ങളില്ല; 300 ഏക്കര്‍ പാടത്തെ നെല്ല് മഴയിൽ നശിക്കുന്നു, കോടികളുടെ നഷ്ടം

By Web TeamFirst Published Nov 13, 2020, 4:33 PM IST
Highlights

ഈ മാസം 5 ന് യന്ത്രങ്ങളിറക്കി കൊയ്ത്താരംഭിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. എന്നാൽ പാടശേഖര സമിതി ഭാരവാഹികളുടെ ഉദാസീനത മൂലം പത്താം തീയതി ഒരു യന്ത്രം മാത്രമാണ് എത്തിയതെന്ന് കർഷകർ പറയുന്നു. 

അമ്പലപ്പുഴ: കൊയ്യാൻ യന്ത്രങ്ങളില്ലാത്തതിനാല്‍ 140 ദിവസം പ്രായമായ നെല്ല് മഴയിൽ നശിക്കുന്നു.  കർഷകർക്ക്  കോടികളുടെ നഷ്ടം. പുറക്കാട് ഗ്രേസിംഗ് ബ്ലോക്കിലെ കർഷകരാണ് കൊയ്ത്തു യന്ത്രം കിട്ടാത്തതുമൂലം പ്രതിസന്ധിയിലായത്. പാടശേഖര സമിതിയുടെ ഉദാസീനതയാണ് ആവശ്യത്തിന് യന്ത്രങ്ങൾ കിട്ടാത്തതിന് കാരണമെന്നും കർഷകർ ആരോപിക്കുന്നു. 300 ഏക്കറുള്ള ഈ പാടശേഖരത്ത് 120 ഓളം ചെറുകിട കർഷകരാണുള്ളത്. 

കരിനിലമായതിനാൽ ഏക്കറിന് 35,000 രൂപ വരെ ചെലവിട്ടാണ് കൃഷി ചെയ്തതെന്ന് കർഷകർ പറയുന്നു. ഒരേക്കറിന് 2 ക്വിന്റൽ നെല്ല് മാത്രമാണ് മുൻ കാലങ്ങളിൽ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ മികച്ച വിളവായിരുന്നു. ഈ മാസം 5 ന് യന്ത്രങ്ങളിറക്കി കൊയ്ത്താരംഭിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. എന്നാൽ പാടശേഖര സമിതി ഭാരവാഹികളുടെ ഉദാസീനത മൂലം പത്താം തീയതി ഒരു യന്ത്രം മാത്രമാണ് എത്തിയതെന്ന് കർഷകർ പറയുന്നു. 

ഏറ്റവും കുറഞ്ഞത് 10 യന്ത്രങ്ങളും ഉണ്ടെങ്കിൽ മാത്രമേ കൊയ്ത്ത് സുഗമമാകൂ. ഇപ്പോൾ മഴ ശക്തമായതോടെ 7500 ഓളം ക്വിന്റൽ നെല്ല് വീണടിഞ്ഞു കിടക്കുകയാണ്. വീണടിഞ്ഞ നെല്ല് കൊയ്തെടുക്കാനും ബുദ്ധിമുട്ടാണ്. മണിക്കൂറിൽ 2200 രൂപ വാടകക്കാണ് യന്ത്രം ഉപയോഗിച്ച് കൊയ്യുന്നത്.എനാൽ മഴ പെയ്ത് നെല്ല് വീണതും ചെളിയും കാരണം ഒരേക്കർ കൊയ്യാൻ മൂന്നു മണിക്കൂർ വരെ വേണ്ടി വരും.

ഇത് കർഷകർക്ക് കനത്ത നഷ്ടമാണ് വരുത്തി വെക്കുന്നത്. മഴ ഇനിയും ശക്തമായാൽ കൂടുതൽ നെല്ല് വീണടിഞ്ഞ് വലിയ നഷ്ടം ഉണ്ടാകുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കർഷകർ. മഴ ഇനിയും പെയ്താൽ യന്ത്രമിറക്കിയുള്ള കൊയ്ത്ത് സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. മികച്ച വിളവ് കിട്ടിയിട്ടും ഇതുകൊണ്ട് പ്രയോജനമില്ലാത്ത സ്ഥിതിയായി ഇപ്പോൾ. അടിയന്തിരമായി കൂടുതൽ യന്ത്രങ്ങളെത്തിച്ച് കൊയ്ത്ത് സുഗമമാക്കി കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം.

click me!