Latest Videos

പാലമേൽ നിലംനികത്തൽ വ്യാപകം; അധികൃതർ നോക്കുകുത്തി

By Web TeamFirst Published Jan 15, 2020, 7:50 PM IST
Highlights

കുടിവെള്ളമില്ലാതെ നട്ടംതിരിയുമ്പോഴും പാലമേൽ പയ്യനല്ലൂർ പനവേലിൽ വയല്‍ നികത്തൽ വ്യാപകം. 

ചാരുംമൂട്: കുടിവെള്ളമില്ലാതെ നട്ടംതിരിയുമ്പോഴും പാലമേൽ പയ്യനല്ലൂർ പനവേലിൽ വയല്‍ നികത്തൽ വ്യാപകം. പാലമേൽ ഗ്രാമപഞ്ചായത്തിൽ പയ്യനല്ലൂർ വാർഡിൽ പയ്യനല്ലൂർ - മാമൂട് റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പനവേലിൽ വയലിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി നൂറിലധികം ലോഡ് മണ്ണടിച്ച് നികത്തിയത്. ഇപ്പോളും നെല്ല് കൃഷി ചെയ്തിരിക്കുന്ന നിലത്തോട് ചേർന്നാണ് രാത്രിയുടെ മറവിൽ വ്യാപകമായി നികത്തിയത്. 

നാട്ടുകാരുടെ പരാതിയെ തുടർന്ന് വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷം താലൂക്കിലും കൃഷിവകുപ്പിലും റിപ്പോർട്ട് നൽകിയിരുന്നു. ഈ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെളളക്ഷാമം ആണ് അനുഭവപ്പെടുന്നത്. ഇവിടെ മണ്ണിട്ട് നികത്തുന്നത് ഭാവിയിൽ കടുത്ത ജലക്ഷാമത്തിന് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളക്ഷാമം, രൂക്ഷമായ കഞ്ചുകോട് പുലിക്കുന്ന് മറ്റപ്പള്ളി എന്നിവിടങ്ങളിൽ നിന്നാണ് മണ്ണ് കടത്തിക്കൊണ്ടു പോകുന്നതെന്നും ഒരു മാനദണ്ഡവും പാലിക്കുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. 

എന്നാൽ നികത്തൽ നിർത്തിവയ്ക്കാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവ് വകവയ്ക്കുന്നില്ലെന്നും ഒറ്റ രാത്രിയിൽ നൂറോളം ലോഡ് മണ്ണ് ഇറക്കിയതായും നാട്ടുകാർ പറയുന്നു. നികത്തിയ മണ്ണ് നീക്കം ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പട്ടു. പഞ്ചായത്തിലെ പെങ്കെണ്ണിമല ഇടിച്ച് മണ്ണു കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. തുടർന്നുള്ള നിലം നികത്തലും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. 

click me!