
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാലയിലെ പശുക്കളെ ക്ഷേത്രം ഏറ്റെടുക്കുന്നതിന് വഴിയൊരുങ്ങുന്നു. ട്രസ്റ്റ് ഔദ്യോഗികമായി ക്ഷേത്രം അധികൃതരോട് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഇതാണ് നിലവിൽ ഏറ്റെടുക്കലിന് തടസം.
പത്മനാഭസ്വാമി ക്ഷേത്രം നേരിട്ട് നടത്തുന്ന 11 പശുക്കളുള്ള ഗോശാലയിലേക്കാണ് പശുക്കളെ ഏറ്റെടുക്കുന്നത്. സ്വകാര്യഗോശാലയിലെ പശുക്കളെ ഏറ്റെടുക്കാൻ ക്ഷേത്രം അധികൃതർ തയ്യാറാണെങ്കിലും സ്ഥലസൗകര്യം പരിമിതിയാവും. കൊട്ടാരം വക സ്ഥലം അനുവദിക്കുകയാണെങ്കിൽ അവിടേക്ക് പശുക്കളെ മാറ്റും.
അല്ലെങ്കിൽ വേറെ സ്ഥലം വാടകക്കെടുക്കാനാണ് പദ്ധതി. എന്നാൽ ട്രസ്റ്റ് ഭാരവാഹികളാരും ഇതുവരെ ക്ഷേത്രവുമായി ബന്ധപ്പെട്ടിട്ടില്ല. 2013ലാണ് സുരേഷ് ഗോപിയെ മാനേജിംഗ് ട്രസ്റ്റിയാക്കി കൊട്ടാരം വക സ്ഥലത്ത് ഗോശാലയ്ക്ക് താൽക്കാലികമായി തുടക്കമിട്ടത്.
പിന്നീട് ഗോശാല ഈ സ്ഥലത്ത് നിന്ന് മാറ്റാതെ വന്നതോടെയാണ് നാല് വർഷം മുൻപ് പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് കോടതിയിൽ കേസ് നൽകിയത്. ഇതോടെയാണ് ഗോശാലയുടെ കാര്യങ്ങളിൽ ട്രസ്റ്റ് അലംഭാവം കാട്ടിത്തുടങ്ങിയത്. എസ് വിജയകൃഷ്ണൻനായർ എന്ന അംഗം മാത്രമായിരുന്നു പിന്നീട് ഗോശാലയുടെ കാര്യങ്ങൾ സജീവമായി നോക്കിയിരുന്നത്.
വരുന്ന ചിങ്ങമാസത്തിൽ ഗോക്കളെ ക്ഷേത്രഗോശാലയിലേക്ക് കൈമാറണമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു, ട്രസ്റ്റ്. എന്നാൽ, പശുക്കളുടെ ദുരവസ്ഥ പുറത്തുവന്നതോടെ പ്രതിരോധത്തിലായ ട്രസ്റ്റ് സർക്കാർ തീരുമാനത്തിനനുസരിച്ച് തുടർനടപടിയെടുക്കാമെന്ന നിലപാടിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam