
പാലക്കാട്: കീഴ്ക്കോടതികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടികൾക്ക് ഹൈക്കോടതിയും ജില്ലാ കോടതികളും തുടക്കം കുറിച്ചെങ്കിലും മലയാളത്തോട് മുഖം തിരിച്ച് പാലക്കാട് കൺസ്യൂമർ കോടതി. കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട വ്യവഹാരത്തിൽ കെ എസ് ഇ ബി സമർപ്പിച്ച മറുപടിയുടെ മലയാളം പരിഭാഷ ലഭ്യമാക്കണമെന്ന അപേക്ഷയാണ് കൺസ്യൂമർ കോടതി തള്ളിയത്. കോടതി ഭാഷ നിലവിലിന്നും ഇംഗ്ലീഷാണെന്നാണ് ഉപഭോക്ത തർക്കപരിഹാര ഫോറം പ്രസിഡന്റ് വി വിനയ് മേനോൻ നല്‍കിയ ഉത്തരവിൽ പറയുന്നത്.
1973 ലെ ഹൈക്കോടതിയുടെ 7-ാം നമ്പർ സർക്കുലർ പ്രകാരം വിധി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാമെന്ന് വ്യക്തമാക്കുന്നുണ്ട്. കേരള സർക്കാർ വിധി മലയാളത്തില്‍ വേണ്ടവര്‍ക്ക് അങ്ങനെ കൊടുക്കാന്‍ നിർദ്ദേശം നല്കുന്നു. ഈ വസ‍്തുതകൾ നില നിൽക്കെയാണ് കോടതി, ഭാഷ ഇംഗ്ലീഷാണെന്ന പരാമർശം നടത്തിയിരിക്കുന്നത്.
മലയാളം ഭരണഭാഷയായ സംസ്ഥാനത്തെ സർക്കാർ സ്ഥാപനമാണ് കെ എസ് ഇ ബി. കെ എസ് ഇ ബിക്ക് എതിരെ മലയാളത്തിലാണ് ഹർജി നല്‍കിയത്. ഹർജിക്ക് കെ എസ് ഇ ബി നല്‍കിയ മറുപടി ഇംഗ്ലീഷിലും. ഈ മറുപടി മലയാളത്തിൽ ലഭ്യമാക്കണമെന്നതായിരുന്നു എന്റെ ആവശ്യം. കോടതിക്ക് പ്രത്യക ചെലവോ സമയ നഷ്‍ടമോ, പരിഭാഷകനെയോ ആവശ്യമില്ല എന്നിരിക്കെയാണ് ഹർജി തള്ളിയത്.
ഭരണഭാഷ മലയാളമായ കേരള സർക്കാറിന്റെ സിവിൽ സപ്ലൈസ് വകുപ്പിന് കീഴിൽ ഉപഭോക്തൃതാത്പര്യങ്ങൾ സംരക്ഷിക്കാൻ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം രൂപീകൃതമായ സംവിധാനമാണ് ഉപഭോക്തൃ തർക്കപരിഹാര ഫോറം. കോടതി നടപടികളുടെ സങ്കീർണതകളില്ലാതെ ഒരു വെള്ള പേപ്പറിൽ പരാതി നൽകാമെന്നതാണ് ആകർഷണം. ഹർജിക്കാരന് ഒരു അഭിഭാഷകനുണ്ടെന്നും അദ്ദേഹം ഹർജിക്കാരനാവശ്യമായ നിയമസഹായം നൽകുമെന്നുമാണ് മറ്റൊരു വാദം. അഭിഭാഷകനെന്നാൽ ഒരു ഇടനിലക്കാരൻ മാത്രമാണ്. കോടതിയെയും കക്ഷിയേയും ബന്ധിപ്പിക്കുന്ന ഒരു കണ്ണി. അഭിഭാഷകൻ എപ്പോഴും കക്ഷിയുടെ താത്പര്യത്തിനൊപ്പം നിന്നുകൊള്ളണമെന്നില്ല.
നീതി തേടി കോടതിയിലെത്തുന്ന സാധാരണക്കാർക്കും കോടതി നടപടികൾക്കും മധ്യേ നിലകൊള്ളുന്ന ഇരുമ്പുമറയാണ് ഇംഗ്ലീഷ് എന്നും അതു മാറിയാലേ കോടതി നടപടികളിൽ സാധാരണക്കാർക്ക് മനസിലാക്കാൻ കഴിയൂ എന്ന് 1987 ൽ ജസ്റ്റിസ് കെ കെ നരേന്ദ്രൻ കമ്മിറ്റി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കോടതി നടപടികൾ പൗരന് മനസ്സിലാക്കാൻ കഴിയണം. പലപ്പോഴും തടസ്സമാവുന്നത് ഭാഷയാണ്. ഈ കുറവ് പരിഹരിക്കുന്നതിനാണ് കീഴ്കോടതികളുടെ ഭാഷ മലയാളമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചത്.
ഹൈക്കോടതി കോടതി വിധി മലയാളത്തിൽ പ്രസിദ്ധീകരിച്ച് കേരളം രാജ്യത്തിന് മാതൃകയായത് ഈ ഫെബ്രുവരിയിലാണ്. സുപ്രീകോടതിയും പ്രാദേശികഭാഷകളില്‍ വിധിന്യായം നല്‍കിയത് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലാണ്. ഇത്തരം തുടര്‍ച്ചകളുടെ ഭാഗമായാണ് ദിവസങ്ങൾക്ക് മുൻപ് ഹൈക്കോടതിയുടെ 317 വിധികളും കീഴ്കോടതിയുടെ 5186 വിധിന്യായങ്ങളും മലയാളത്തില്‍ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത്. പരസഹായമില്ലാതെ കേസ് നടപടികൾ വായിച്ചറിയാന്‍ പാകത്തില്‍ വിധി പകർപ്പും അനുബന്ധ നടപടികളും മാതൃഭാഷയിൽ ലഭ്യമാക്കാൻ പറ്റുന്ന തരത്തിൽ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറങ്ങളെ പുനക്രമീകരിക്കാന്‍ സർക്കാർ തയ്യാറാവണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം