
പാലക്കാട്: പരിസ്ഥിതി സംരക്ഷണത്തിന് തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിച്ച് പാലക്കാട് ജില്ലയിലെ ഇംഗ്ലീഷ് ഹയർസെക്കൻഡറി അധ്യാപകരുടെ സംഘടന. ഇത്തവണത്തെ ഹയർ സെക്കണ്ടറി ഇംഗ്ലീഷ് പരീക്ഷയുടെ മൂല്യനിർണയത്തിന് മഷിപ്പേനകൾ മാത്രം ഉപയോഗിച്ചു കൊണ്ടാണ് ഇവർ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകുന്നത്. പരീക്ഷാ മൂല്യനിർണയം കഴിയുമ്പോഴേക്കും വലിച്ചെറിയേണ്ടി വരുന്ന പ്ലാസ്റ്റിക് പേനകൾ പാടെ ഒഴിവാക്കി, തങ്ങളാലാവും വിധം പ്ലാസ്റ്റിക് കുറക്കുകയാണ് അധ്യാപകരുടെ ലക്ഷ്യം. കേരള ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെൽട) ആണ് ഇത്തരമൊരു ആശയത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്. പാലക്കാട് രണ്ടും, പട്ടാമ്പിയിലെ ഒരു ക്യാമ്പും ഉൾപ്പെടെ 3 ക്യാമ്പുകളാണ് ജില്ലയിൽ ഹയർസെക്കൻഡറി ഇംഗ്ലീഷ് വിഭാഗത്തിന്റെ പരീക്ഷാ മൂല്യനിർണയത്തിന് സജ്ജമാക്കിയിട്ടുള്ളത്. 340 അധ്യാപകരാണ് പേപ്പറുകൾ നോക്കാനെത്തുന്നത്.
പ്ലസ് വൺ, പ്ലസ് ടു, ഇംപ്രൂവ്മെന്റ് പരീക്ഷകളുൾപ്പെടെ ഒരു അധ്യാപകന് 400 പേപ്പറുകളിലധികം നോക്കേണ്ടതായി വരും. ഇതിന് ചുരുങ്ങിയത് 4-5 പേനകൾ വരെ ഉപയോഗിക്കേണ്ടി വരാറുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. അങ്ങനെ വരുമ്പോൾ 1400 പേനകൾക്കടുത്ത് ആകെ വേണ്ടി വരും. മഷി തീരുമ്പോൾ ഇവ മുഴുവനും പ്ലാസ്റ്റിക് മാലിന്യമാകും. ഇത് ഒഴിവാക്കുകയെന്ന ആശയമാണ് അധ്യാപകർ മുന്നോട്ടു വക്കുന്നത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച്ച പി എം ജി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി ഉഷ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അലൈഡ് മാനേജ്മെൻറ് കോളജ് പ്രിൻസിപ്പൽ ശ്രീ ബൈജു, ഹയർ സെക്കൻഡറി അധ്യാപകരായ ഹരിദാസ് സി , പിവി രാജേഷ്, ഗിരീഷ് ലാൽഗുപ്ത കെ എസ്, ബീന സിപി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ മറ്റു രണ്ട് ക്യാമ്പുകളിലും സമാന പരിപാടികൾ നടന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam