തേരട്ടകൾ പറമ്പിലും വീട്ടിലും കിണറ്റിലും എന്നു തുടങ്ങി എല്ലായിടത്തുമെത്തുന്നു. നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നു
കണ്ണൂർ: വേനൽ മഴ തുടങ്ങിയതോടെ കണ്ണൂർ ചെറുപുഴയിൽ തേരട്ട ശല്യം രൂക്ഷം. വീടുകൾക്കുള്ളിൽ വരെ തേരട്ട കയറാൻ തുടങ്ങിയതോടെ ദുരിതത്തിൽ ആയിരിക്കുകയാണ് നാട്ടുകാർ.
ഇലകൾക്കിടയിലൂടെ നിരനിരയായി ഇഴഞ്ഞുനീങ്ങുന്ന വലിയ തേരട്ടകൾ. പറമ്പിലും വീട്ടിലും കിണറ്റിലും എന്നു തുടങ്ങി എല്ലായിടത്തുമെത്തുന്നു. നാട്ടുകാരുടെ സ്വൈര്യം കെടുത്തുന്നു. രണ്ട് ആഴ്ച മുൻപാണ് ബാലവാടി ഭാഗത്ത് തേരട്ടകളെത്തി തുടങ്ങിയത്. വേനൽ മഴ പെയ്തതോടെ ഇവയുടെ എണ്ണം കൂടി. സമാധാനമായി കിടന്നുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പാകം ചെയ്ത ഭക്ഷണത്തിലടക്കം തേരട്ടകളെത്തുന്നു. കൃഷിയും പച്ചക്കറികളുമെല്ലാം വ്യാപകമായി നശിപ്പിക്കുന്നു. ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും സ്ഥിരമാവുന്നു. ദിനംപ്രതി രൂക്ഷമാകുന്ന ഈ തേരട്ട ശല്യത്തിന് ഉടനടി പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

