
പാലക്കാട്: പാലക്കാട് കരിങ്കരപുള്ളിയിലെ പാടത്ത് യുവാക്കളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ട കേസില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മരണകാരണമായ മറ്റ് മുറിവുകളില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
ഷിജിത്ത്, സതീഷ് എന്നീ യുവാക്കളുടേതാണ് പാടത്ത് കണ്ടെത്തിയ മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്ഥലമുടമ അനന്തൻ പന്നിക്ക് വെച്ച കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചത്. തെളിവ് നശിപ്പിക്കാൻ വേണ്ടി ഇയാള്‍ വയർ കീറിയാണ് യുവാക്കളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. കത്ത് ഉപയോഗിച്ചാണ് യുവാക്കളുടെ വയർ കീറിയത്. സംഭവ ശേഷം വീട്ടിലെ ഫ്രിഡ്ജിനകത്ത് കത്തി സൂക്ഷിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. പന്നിക്ക് കെണി വയ്ക്കാൻ വീട്ടിലെ മോട്ടോർ ഷെഡിൽ നിന്നാണ് അനന്തൻ വൈദ്യുതി എടുത്തത്. ഏകദേശം 200 മീറ്റർ വൈദ്യുതി കമ്പി വലിച്ച് കെണിവച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
പാലക്കാട് പാടത്ത് കണ്ടെത്തിയത് കാണാതായ യുവാക്കളുടെ മൃതദേഹങ്ങൾ
സംഭവം നടന്നത് ഇങ്ങനെ...
കഴിഞ്ഞ ഞായാറാഴ്ച പാലക്കാട് കൊട്ടേക്കാട് എന്ന സ്ഥലത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഒരടിപിടി നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേരെ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. പൊലീസിൽ നിന്നും ഒളിച്ച് താമസിക്കുന്നതിന് വേണ്ടിയാണ് ഷിജിത്തും മറ്റ് രണ്ട് പേരും സുഹൃത്തായ സതീഷിൻ്റെ കരിങ്കരപ്പുള്ളിയിലെ ബന്ധുവീട്ടിലെത്തിയത്. ഇവിടെയും പൊലീസ് അന്വേഷിച്ചെത്തിയതോടെ നാല് പേരും തൊട്ടടുത്തുള്ള പാടത്തേക്കോടി. ഷിജിത്തും സതീഷും ഒരു വഴിക്കും ഒപ്പമുണ്ടായിരുന്ന അഭിയും അജിത്തും മറ്റൊരു വഴിക്കുമായിരുന്നു ഓടിയത്.
പിറ്റേന്ന് രാവിലെ സതീഷിൻ്റെ അമ്മ മകനെ കാണാനില്ലെന്ന പരാതിയുമായി കസബ സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ അവർക്കൊപ്പമുണ്ടായിരുന്ന അഭിയും അജിത്തും പൊലീസിൽ കീഴടങ്ങി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിലാരംഭിച്ചു. ഈ അന്വേഷണത്തിലാണ് അവസാനമായി ഇവരെ കണ്ടത് കരിങ്കരപ്പുള്ളിക്കടുത്തുള്ള അമ്പലപ്പറമ്പിലാണ് എന്ന് മനസ്സിലായത്. തുടർന്നുള്ള അന്വേഷണത്തിലാണ് പാടത്ത് കുഴിച്ചിട്ട നിലയിൽ ഷിജിത്തിൻ്റെയും സതീഷിൻ്റെയും മൃതശരീരങ്ങൾ കണ്ടെത്തിയത്. 70 സെന്റിമീറ്റർ ആഴത്തിലെടുത്ത കുഴിയിൽ ഒന്നിന് മുകളില്‍ ഒന്നായി ചവിട്ടിത്താഴ്ത്തിയ രണ്ട് മൃതദേഹങ്ങളുടേയും വയറ് കീറിയ നിലയിലായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam