
പാലക്കാട്: മകനെയുമെടുത്ത് കിണറ്റിൽ ചാടിയ അമ്മ ചികിത്സയിൽ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് ഇന്നലെ രാത്രി മകൻ രണ്ടര വയസുകാരനായ വേദിക് (കാശി)നെയും എടുത്ത് വീട്ടിലെ കിണറ്റിൽ ചാടിയത്. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ ഇന്ന് രാവിലെയാണ് കാശി മരണത്തിന് കീഴടങ്ങിയത്. കാഞ്ചന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
രാത്രിയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്താണ് യുവതി മകനെയുമെടുത്ത് കിണറ്റിൽ ചാടിയത്. വീട്ടുകാർ കാഞ്ചനയെ സമീപത്തെ വീട്ടിലും ഒക്കെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തിരിച്ചിലിനിടെ കിണറിന്റെ പൈപ്പ് ഇളകുന്നത് ശ്രദ്ധിച്ച് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടത്. ഉടനെ ഫയർഫോഴ്സിനെയും നാട്ടുകൽ പൊലീസിനെയും വിവരം അറിയിച്ചു. ഇവരെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. അത്യാസന്ന നിലയിലായിരുന്ന കുഞ്ഞ് രാവിലെയോടെ മരണമടയുകയായിരുന്നു.
അതിനിടെ പാലക്കാട് തന്നെ കിണറ്റിൽ അബദ്ധത്തിൽ വീണയാൾ മരിച്ചു. നോട്ടന്മല വിയ്യക്കുറുശ്ശി മലയാൻതൊടി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ അബദ്ധത്തിൽ വീണത്. അപകടത്തിൽപെട്ട് ഏറെനാളായി കിടപ്പിലായിരുന്നു ഇയാൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam