
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ഭക്ഷണവിഭവങ്ങളാണ് പാലാരിവട്ടം പുട്ടും മരട് ദോശയും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്ക് പാലാരിവട്ടം ഫ്ലൈഓവര്‍ അഴിമതിയും മരട് ഫ്ലാറ്റ് പൊളിക്കലും ചൂടാറാതെ നില്‍ക്കുമ്പോഴാണ് പാലാരിവട്ടം പുട്ടും മരട് ദോശയുമായി തലശ്ശേരിയിലെ ലാഫെയര്‍ ഹോട്ടലെത്തുന്നത്. കോഴിക്കോട്ടുള്ള വിവിഇക്യു ഡിസൈന്‍സ് എന്ന പരസ്യ സ്ഥാപനമാണ് വൈറലായ ഈ പരസ്യം ലാഫെയര്‍ ഹോട്ടലിന് വേണ്ടി നിര്‍മ്മിച്ചത്.
പേരിനൊപ്പം തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍ എന്ന കുറിപ്പും കൂടിയായതോടെ പാലാരിവട്ടം പുട്ട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. ട്രോളാണോയെന്ന് സംശയം തോന്നുന്ന രീതിയിലെ ഈ പരസ്യത്തിന് പിന്നിലെ പ്രധാന തല വിവിഇക്യുവിലെ കോപ്പി റൈറ്ററായ മനു ഗോപാലാണ്. ലാഫെയറിന് വേണ്ടി ആറുമാസത്തോളമായി ബ്രാന്‍ഡിംങ് ചെയ്യുന്നുണ്ടെന്ന് വിവിഇക്യു സഹസ്ഥാപക രനീത രവീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ബ്രാന്‍ഡിംങ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഏത് അറ്റംവരെയും പോവാമെന്ന ലാഫെയര്‍ ഹോട്ടലിന്‍റെ അനുമതി കൂടിയായതോടെയാണ് പരസ്യം ഇത്ര സ്വാതന്ത്ര്യത്തോടെ ചെയ്യാന്‍ കഴിഞ്ഞതെന്ന് രനീത രവീന്ദ്രന്‍ പറയുന്നു. ചില സ്ഥാപനങ്ങള്‍ക്ക് തമാശയോട് അത്ര താല്‍പര്യം കാണാറില്ല. അത് ബ്രാന്‍ഡിംങിനെ ബാധിക്കുമെന്ന് കരുതുന്നവരുണ്ട്. സമകാലിക വിഷയം നർമ്മവുമായി കോര്‍ത്തിണക്കിയുള്ള പരസ്യങ്ങള്‍ ഇതിനു മുന്‍പും പല സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും വിവിഇക്യു ഡിസൈന്‍സ് ചെയ്തിട്ടുണ്ട്. എന്നാല്‍ പാലാരിവട്ടം പുട്ടിന്‍റെ പരസ്യം പുറത്ത് വന്ന സമയം കൃത്യമായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിന് അപ്പുറമാണ് പരസ്യം എത്തിപ്പെട്ടതെന്ന് രനീത പറഞ്ഞു.
തലശ്ശേരിക്കാരനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഷെയര്‍ ചെയ്തതോടെയാണ് പാലാരിവട്ടം പുട്ട് വൈറലായത്. ഒരു ജോലിയായിട്ട് അല്ല ഡിസൈനുകള്‍ ചെയ്യുന്നത് പലപ്പോഴും നിത്യജീവിതത്തിലെ തമാശകളാണ് പരസ്യങ്ങളായി ആവിഷ്‌കരിക്കാറെന്നും രനീത പറയുന്നു. മാധ്യമ പ്രവര്‍ത്തക കൂടിയായിരുന്ന റെനീത മുഖ്യധാരയില്‍ നിന്ന് മാറിയാണ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ ഭര്‍ത്താവിനൊപ്പം പരസ്യ സ്ഥാപനം ആരംഭിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവിഇക്യുവില്‍ പരസ്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഡിസൈനുകളുടെ ആവിഷ്കാരം ഒരു കൂട്ടായ പ്രവര്‍ത്തനമാണെന്നും രനീത കൂട്ടിച്ചേര്‍ത്തു.
മികച്ച ഹ്യൂമര്‍ സെന്‍സുള്ള ആളാണ് പരസ്യം ചെയ്ത മനു. ഏത് സംഭവത്തിലും പോസിറ്റീവായ തമാശ കാണാന്‍ സാധിക്കുന്നയാളാണ് മനു. രാഷ്ട്രീയ വിഷയങ്ങളും സമകാലിക വിഷയങ്ങളും ഒരു തമാശ മോഡില്‍ പരസ്യത്തിലെത്തിക്കാന്‍ മനു ശ്രമിക്കാറുണ്ടെന്നും രനീത പറയുന്നു. പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതൊരു പുട്ടാണോ അതോ മറ്റെന്തെങ്കിലും വിഭവമാണോ? പാലാരിവട്ടം പുട്ട് എന്നുപറയുമ്പോള്‍ അതിന്‍റെ ആകൃതി എന്തായിരിക്കും? എന്നുതുടങ്ങി പുട്ടില്‍ സിമന്‍റ് ചേര്‍ക്കുമോയെന്ന് വരെയാണ് ആളുകള്‍ ചോദിക്കുന്നത്.
പരസ്യത്തിന് മികച്ച പ്രതികരണമാണെന്ന് ലാഫെയര്‍ ഹോട്ടലും പറയുന്നു. വിഭവമന്വേഷിച്ച് നിരവധിപ്പേരാണ് ഹോട്ടലിലെത്തുന്നത്. ആളുകള്‍ ട്രോളല്ലല്ലോയെന്ന് വിളിച്ച് ചോദിക്കുന്നതടക്കമുള്ള തിരക്കുകള്‍മൂലം ഹോട്ടലുകാരും ഫുള്‍ ബിസിയാണെന്ന് രനീത പറയുന്നു. ശരിക്കും ഇങ്ങനൊരു സംഭവമുണ്ടോയെന്ന് തിരക്കി ഹോട്ടലിലെത്തുന്നുണ്ടെന്നും റെനീത പറയുന്നു. എന്തായാലും പോസിറ്റീവായാണ് ആളുകള്‍ പ്രതികരിച്ചത്. ചിലര്‍ വിദേശത്ത് നിന്ന് വിളിച്ച് പാര്‍ട്ടിയെ കുറ്റം പറയരുതെന്ന് പറഞ്ഞു എന്നാലും ആക്രമിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ വളരെ കുറവാണെന്നും രനീത പറയുന്നു.
വിവിഇക്യുവിന്‍റെ ഓഫീസിലും നല്ല പ്രതികരണമുണ്ട്. ആളുകള്‍ ഹ്യൂമറിന്‍റെ ഒരു പ്രാധാന്യം ഉള്‍ക്കൊണ്ടുവെന്നാണ് തോന്നുന്നത്. മൂന്നാല് ദിവസമായി ഓഫീസില്‍ പണി നടക്കുന്നില്ല. ആളുകളുടെ പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുന്ന തിരക്കിലാണ് എല്ലാവരുമെന്നും രനീത പറയുന്നു. എല്ലാവരും ആ ഒരുമൂഡിലാണെന്നും രനീത പറയുന്നു. പാലാരിവട്ടം പുട്ടിന് തൊട്ട് പിന്നാലെ പൊളിക്കാനായി പണിഞ്ഞത് പൊളി ബ്രേക്ക്ഫാസ്റ്റ് എന്ന അടിക്കുറിപ്പോടെ വന്ന മരട് ദോശയും വൈറലായതോടെ വിവിഇക്യുവിന്‍റെ ഓഫീസ് ഫോണിന് വിശ്രമില്ലെന്ന് രനീത പറയുന്നു. ആളുകള്‍ ഹ്യൂമര്‍ ഉള്‍ക്കൊള്ളുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും രനീത കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam