
മൂന്നാർ: പള്ളിവാസലിൽ അനധികൃതമായി നിർമ്മിച്ച 14 നില ബഹുനില കെട്ടിടത്തിന്റെ പ്രവർത്തന അനുമതിയും അനുബന്ധ രേഖകളും പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തു. പള്ളിവാസൽ പഞ്ചായത്തിലെ 9/15 ൽ വിച്ചുസ് കൺസ്ട്രക്ഷൻ ഉടമ കെ.വി.ജോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പ്രവർത്തന അനുമതിയും അനുബന്ധ രേഖകളുമാണ് തിങ്കളാഴ്ച അടിയന്തര കമ്മിറ്റിയോഗം കൂടി സെക്രട്ടറി ഹരി പുരുഷോത്തമൻ റദ്ദ് ചെയ്തത്.
19.7.2010 ലാണ് കെട്ടിടത്തിന് പഞ്ചായത്ത് പ്രവർത്തന അനുമതി നൽകിയത്. ദേവികുളം സബ് കളക്ടറായിരുന്ന രാജമാണിക്യം കെട്ടിടത്തിന് നിർമ്മാണ അനുമതി നിഷേധിച്ചെങ്കിലും കോടതിയെ തെറ്റിധരിപ്പിച്ച് ഉടമകൾ പഞ്ചായത്തിൽ നിന്നും അനുമതി നേടുകയായിരുന്നു.
ചിത്തിരപുരം പിഎച്ച്സിയുടെ ഭൂമി കൈയ്യേറിയാണ് വൻകിട കെട്ടിടം നിർമ്മിച്ചതെന്ന് ആരോപണമുയരുകയും പ്രശ്നത്തിൽ ആശുപത്രി അധികൃതർ റവന്യു വകുപ്പിന് പരാതികൾ നൽകുകയും ചെയ്തിരുന്നു. കവാടമടക്കം അടച്ചി നിർമ്മിച്ച കെട്ടിടത്തിനെതിരെ പ്രതിഷേധമായി നാട്ടുകാരും രംഗത്തെത്തി. ഇതോടെ പ്രശ്നത്തിൽ നടപടികളുമായി റവന്യുവകുപ്പ് രംഗത്തെത്തിയത്. ഇതിനിടെ സബ് കളക്ടർ സ്ഥലമാറുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കളക്ടറായിചുമതലയേറ്റതോടെ പ്രശ്നങ്ങൾ വീണ്ടും സങ്കീർണ്ണമായി.
കവാടം അടച്ചു നിർമിച്ച നിർമ്മാണങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞദിവസം ദേവികുളം സബ് കളക്ടർ രേണുരാജ് കെട്ടിടത്തിന്റെ പ്രവർത്തന അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ആശുപത്രി വിപുലീകരണത്തിനായി മാറ്റിയിട്ടിരുന്ന ഭൂമിയാണ് വ്യാജരേഖകളുടെ പിൻബലത്തിൽ കെട്ടിടം നിർമ്മിച്ചത്.
പള്ളിവാസൽ പഞ്ചായത്തിൽ രണ്ട് കെട്ടിടങ്ങളാണ് ഇത്തരത്തിൽ ഒരേ സമയം നിർമ്മാണങ്ങൾ ആരംഭിച്ചത്. മറ്റൊരു കെട്ടിടം ഇയാളുടെ ബന്ധുവിന്റെ താണ്. 25 കെട്ടിടങ്ങളാണ് പള്ളിവാസൽ പഞ്ചായത്തിൽ മാത്രം റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. ഇത്തരം കെട്ടിടങ്ങൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam