താമസിക്കാന്‍ ആളില്ല; വയനാട്ടില്‍ ഉടമസ്ഥ തര്‍ക്കത്തില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ മുടക്കിയ സര്‍ക്കാര്‍ കെട്ടിടം

Published : Sep 24, 2019, 12:29 PM IST
താമസിക്കാന്‍ ആളില്ല; വയനാട്ടില്‍ ഉടമസ്ഥ തര്‍ക്കത്തില്‍ നശിക്കുന്നത് ലക്ഷങ്ങള്‍ മുടക്കിയ സര്‍ക്കാര്‍ കെട്ടിടം

Synopsis

നാല് വീടുകളായി പണിതിരിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഓരോന്നിലും രണ്ട് കിടപ്പുമുറികളും രണ്ട് ശുചിമുറികളുമടക്കം സൗകര്യങ്ങളുണ്ട്. ജലലഭ്യത ഉറപ്പുവരുത്താന്‍ കിണറും നിര്‍മിച്ചിട്ടുണ്ട്. വെറുതെയിട്ടതിനാല്‍ ഒരു കെട്ടിടത്തിന്റെ വശം കഴിഞ്ഞ മഴയില്‍ തകര്‍ന്നുവീണിരുന്നു. 

കല്‍പ്പറ്റ: പ്രളയ പുനരധിവാസത്തിന് സര്‍ക്കാര്‍ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ ലക്ഷങ്ങള്‍ മുടക്കിയ കെട്ടിടം ഉടമസ്ഥതര്‍ക്കത്തെ തുടര്‍ന്ന് നശിക്കുന്നു. പുല്‍പ്പള്ളി പാക്കത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച കെട്ടിടമാണ് നിര്‍മാണം പൂര്‍ത്തിയായ അന്ന് മുതല്‍ വെറുതെ കിടക്കുന്നത്. ട്രൈബല്‍ വെല്‍ഫയര്‍വകുപ്പാണ് മുഴുവന്‍ സൗകര്യങ്ങളോടെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനായി കെട്ടിടം നിര്‍മിച്ചത്. പിന്നീട് ട്രൈബല്‍ വെല്‍ഫയര്‍വകുപ്പ്, ട്രൈബല്‍ ഡെവലപ്‌മെന്റ് വകുപ്പായതോടെ ഉടമസ്ഥത സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ തുടങ്ങി. ഇപ്പോഴാകട്ടെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പട്ടികവര്‍ഗ വികസന വകുപ്പിന് വ്യക്തതയില്ല. 

നാല് വീടുകളായി പണിതിരിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഓരോന്നിലും രണ്ട് കിടപ്പുമുറികളും രണ്ട് ശുചിമുറികളുമടക്കം സൗകര്യങ്ങളുണ്ട്. ജലലഭ്യത ഉറപ്പുവരുത്താന്‍ കിണറും നിര്‍മിച്ചിട്ടുണ്ട്. വെറുതെയിട്ടതിനാല്‍ ഒരു കെട്ടിടത്തിന്റെ വശം കഴിഞ്ഞ മഴയില്‍ തകര്‍ന്നുവീണിരുന്നു. എന്നാല്‍ മറ്റ് കെട്ടിടങ്ങള്‍ കേടുപാടില്ല. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ആദിവാസി കോളനികളിലടക്കം വെള്ളം കയറി നിരവധി പേരെ ഈ ഭാഗങ്ങളില്‍ പുനരധിവസിപ്പിച്ചിരുന്നു. സ്ഥിരം പുനരധിവാസം ആവശ്യമുള്ള കുടുംബങ്ങളും മേഖലയിലുണ്ട്.

വെള്ളപ്പൊക്കത്താല്‍ ദുരിതമനുഭവിച്ചിരുന്ന പാളക്കൊല്ലി കോളനിവാസികളുടെ പുനരധിവാസത്തിന് സ്ഥലം ലഭിക്കാതെ വര്‍ഷങ്ങളാണ് ഉദ്യോഗസ്ഥര്‍ ഭൂമി അന്വേഷിച്ച് നടന്നത്. ഒടുവില്‍ ഭൂമിയായെങ്കിലും ഇനി വീടുകള്‍നിര്‍മിച്ച് നല്‍കേണ്ടതുണ്ട്. ഈ പ്രശ്‌നങ്ങളില്ലെല്ലാം മെല്ലെപോക്ക് നയം തുടരുന്നതിനിടെയാണ് താമസക്കാന്‍ ആളില്ലാതെ കെട്ടിടം വെറുതെയിട്ടിരിക്കുന്നത്. പാക്കംപുഴ കരകവിഞ്ഞപ്പോഴെല്ലാം സമീപത്തെ ആദിവാസി കോളനികളിലെ താമസക്കാര്‍ ഇവിടെയുള്ള അങ്കണവാടികളിലെയും മറ്റും പരിമിതമായ സ്ഥലത്താണ് കഴിട്ടുകൂട്ടിയത്. 

എന്നാല്‍ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം നവീകരിച്ചാല്‍ ആദിവാസികുടുംബങ്ങളെ ഇവിടെ പാര്‍പ്പിക്കാനാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥിരം പുനരധിവാസം ആവശ്യമായ സ്ഥലങ്ങളില്‍നിന്ന് നാല് കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപ്പാര്‍പ്പിക്കാനുമാകും. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കോ ജനപ്രതിനിധികള്‍ക്കോ താല്‍പ്പര്യമില്ല. വെറുതെ കിടക്കുന്ന കെട്ടിടങ്ങളില്‍ ഇപ്പോള്‍  സാമൂഹികവിരുദ്ധര്‍ താവളമാക്കിയിരിക്കുകയാണ്. നിറയെ വെള്ളമുണ്ടായിരുന്ന കിണറാകട്ടെ മാലിന്യം തള്ളാനുള്ള സ്ഥലമായി മാറി. അതേ സമയം കെട്ടിടം ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാര്‍തലത്തില്‍നിന്ന് തീരുമാനം ഉണ്ടാകണമെന്ന നിലപാടാണ് അധികൃതര്‍ക്ക്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം