
കൊച്ചി: ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ..... വരുവാനില്ലാരുമിങ്ങൊരുനാളുമീ വഴിക്കറിയാം.... അങ്ങനെ പല പല പാട്ടുകൾ ഉയരുന്ന മലയാറ്റൂരിലെ ജനകീയ ബസ് കാത്ത് നിൽപ്പ് കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതൽ പാട്ടുകൾ കേൾക്കാനില്ല. പ്രവർത്തിപ്പിക്കാത്തതായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ നോക്കിയപ്പോൾ ജനകീയ ബസ് കാത്ത് നിൽപ്പ് കേന്ദ്രത്തിലെ എഫ് എം റേഡിയോ കാണാനില്ല. അധികൃതരെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ദാ പോകുന്നു റേഡിയോ. തിങ്കളാഴ്ച രാത്രിയാണ് ഒരാൾ എഫ് എം റേഡിയോ എടുത്തു കൊണ്ട് പോയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി. സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.
ഇതോടെ റേഡിയോ എടുത്ത് കൊണ്ടുപോയ ആള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പഞ്ചായത്ത് അംഗമായ സേവ്യര്‍ വടക്കുംഞ്ചേരി. എടുത്ത് കൊണ്ടുപോയ വ്യക്തി രണ്ട് ദിവസത്തിനകം റേഡിയോ തിരികെ എത്തിക്കണമെന്നും അല്ലാത്തപക്ഷം മോഷണത്തിന്റെ സിസിടിവി ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പൊലീസിന് കൈമാറുകയും ചെയ്യുമെന്നാണ് സേവ്യറിന്റെ മുന്നറിയിപ്പ്. സമൂഹത്തില്‍ മോശപ്പെട്ട വ്യക്തിയെന്ന പേര് നേടാതിരിക്കാന്‍ ദയവ് ചെയ്ത് റേഡിയോ തിരിച്ച് കൊണ്ടുവന്ന് വെക്കണമെന്നും സേവ്യര്‍ ആവശ്യപ്പെട്ടു. ഇനി ബാക്കി എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് നാട്ടുകാരും സോഷ്യൽ മീഡിയയും.
ചെറിയ തുകയാണ് റേഡിയോക്ക് ഉളളൂ. കൗമാര പ്രായക്കാരായ കുട്ടികളാണ് മോഷ്ടിച്ചതെന്നും അവർക്ക് തിരുത്താൻ അവസരം നൽകിയതാണെന്നും സേവ്യർ പറയുന്നു. ഇത്തരത്തിലുളള ചെറിയ ശീലങ്ങൾ നാളെ വലിയ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങിയേക്കാം. അതിനാലാണ് ഇത്തരമൊരു പോസ്റ്റിട്ടതെന്നും വ്യക്തിഹത്യ പോലുളള മറ്റ് ഉദ്ദേശങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ശ്രദ്ധിക്കുക
ഇന്നലെ രാത്രി മലയാറ്റൂർ ജനകീയ ബസ് കാത്തുനിൽപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന എഫ് എം റേഡിയോ അവിടെനിന്ന് എടുത്തുകൊണ്ടുപോയി.
രാവിലെ അടുത്തുള്ള വീട്ടിലെ സി സി ടിവിയിൽ കൃത്യമായി ആളെ തിരിച്ചറിയാവുന്ന വിധം വീഡിയോ ലഭിച്ചിട്ടുണ്ട് .
അതിനാൽ സാമൂഹ്യ മാധ്യമങ്ങളിൽ ഈ സിസിടിവി ദൃശ്യം പബ്ലിഷ് ചെയ്യുന്നതിന് മുമ്പായി ഒരു വാക്ക്
എടുത്തുകൊണ്ടുപോയ വ്യക്തി രണ്ടു ദിവസത്തിനകം ആരും കാണാതെ ആ റേഡിയോ അവിടെ കൊണ്ട് വെക്കേണ്ടതാണ് .അല്ലാത്തപക്ഷം തീർച്ചയായും സി സി ടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കുകയും പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്യും
" തമാശക്ക് വേണ്ടി ചെയ്തതാണ് എങ്കിലും സമൂഹത്തിൽ മോശപ്പെട്ട വ്യക്തി എന്ന പേര് വരാതിരിക്കാൻ ദയവുചെയ്ത് റേഡിയോ തിരിച്ചുകൊണ്ടുവന്ന് വയ്ക്കുക
രണ്ടു ദിവസത്തേക്ക് ആരോടും പറയുന്നതല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam