
തൃശൂര്‍: അടച്ചുപൂട്ടല്‍ ഭീഷണി മൂലം ഈ വര്‍ഷം മുതല്‍ തുറക്കാൻ കഴിയില്ലെന്ന് കരുതിയ സ്കൂൾ, ഒടുവിൽ പഞ്ചായത്ത് ഇടപെട്ടു. പഞ്ചായത്ത് അധികൃതര്‍ ഏറ്റെടുത്ത സ്കൂളിൽ പ്രവേശനോത്സവവും സംഘടിപ്പിച്ചു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൂലിശ്ശേരി എസ് എം എല്‍പി സ്‌കൂള്‍ ആണ് അവണൂര്‍ പഞ്ചായത്ത് ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌കൂള്‍ സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുക്കുവാന്‍ നടപടികള്‍ നടന്നു വരികയുമാണ്.
സര്‍ക്കാര്‍ തലത്തില്‍ അധ്യാപകരെ ഇവിടെ നിയമിച്ചിട്ടില്ലെങ്കിലും ഇവിടെനിന്നും പെന്‍ഷന്‍ ആയ പോയ പ്രഥമ അധ്യാപികയെ പഞ്ചായത്ത് അധികൃതര്‍ തിരികെ കൊണ്ടുവന്ന് താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. മറ്റ് നാല് അധ്യാപകരെയാണ് താല്‍ക്കാലിക ചുമതല നല്‍കി നിയമിച്ചിട്ടുള്ളത്. 68 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്‌കൂളിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ നാട്ടുകാര്‍ സംഘടിച്ച് രംഗത്തുണ്ട്.
നിരവധി പേര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ഈ 'സ്‌കൂള്‍ മുത്തശ്ശി' അവഗണനയുടെ നടുവിലാണ്. പുതിയ അധ്യായന വര്‍ഷം പുതിയ പ്രതീക്ഷകള്‍ക്കൊപ്പം പുതിയ തീരുമാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും വിദ്യാര്‍ത്ഥികളും അധ്യാപകരും പഞ്ചായത്ത് അധികൃതരും. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂള്‍ അങ്കണത്തില്‍ എത്തിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വരടിയം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ 1200 രൂപ വില വരുന്ന പഠന കിറ്റുകള്‍ നല്‍കിയാണ് സ്വീകരിച്ചത്.
പാട്ടും നൃത്തവും പ്രവേശോനത്സവത്തിന്റെ ഭാഗമായി അരങ്ങേറി. അവണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തലക്കോടന്‍ അധ്യക്ഷത വഹിച്ചു. വരടിയം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. പ്രസാദ് മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ് ഇന്‍ ചാര്‍ജ് സി.സി. ചെറിയാന്‍, നിമ രാജീവ്, വാര്‍ഡ് മെംമ്പര്‍ കൃഷ്ണകുമാരി, ജിഷ സുബീഷ്, മുന്‍ പ്രധാന അധ്യാപിക ജ്യോതി, നവീകരണ കമ്മിറ്റി പ്രസിഡന്റ് സി.ജി. അശോകന്‍, ബാങ്ക് സെക്രട്ടറി പി. ശശി, രാമകൃഷ്ണന്‍ ചിനക്കല്‍, പി.ടി.എ. പ്രസിഡന്റ് സുശില്‍ കുമാര്‍, ശ്രുതി പ്രശാന്ത്, ഗീത, സ്‌നേഹ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.