
കണ്ണൂര്‍: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അവിവാഹിതരായ യുവാക്കളുടെ കണക്കെടുക്കാൻ പൊലീസ്. വിവാഹ പ്രായമെത്തിയിട്ടും പെണ്ണു കിട്ടാതായവരുടെ കണക്കുകൾ ശേഖരിച്ച് പരിഹാരം കാണാനാണ് പൊലീസിന്‍റെ ശ്രമം. രാഷ്ട്രീയ സംഘർഷങ്ങൾ നിറഞ്ഞ ഭൂതകാലവും, വിദ്യാഭ്യാസ യോഗ്യതാ പ്രശ്നങ്ങളും യുവാക്കൾക്ക് വിനയായെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
ദിവസവും തൊഴിലും ആവശ്യത്തിന് വരുമാനവും ഈ ഗ്രാമത്തിലെ യുവാക്കള്‍ക്കുണ്ട്. പക്ഷേ, പെണ്ണുകാണൽ മുറയ്ക്ക് നടക്കുന്നതല്ലാതെ ഒന്നുമങ്ങ് ശരിയാകുന്നില്ലാത്തതാണ് പ്രശ്നം. ഇങ്ങനെ 30 വയസായിട്ടും വിവാഹം നടക്കാത്ത യുവാക്കളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് പൊലീസ് തന്നെ രംഗത്തിറങ്ങുന്നത്.
പ്രശ്നങ്ങള്‍ പഠിക്കുന്നതിന്‍റെ ആദ്യപടിയായി 19,000 വീടുകൾ എൻഎസ്എസ് വോളണ്ടിയർമാർ കയറി സർവ്വേ നടത്തും. വിശദമായ കണക്കുകൾ വെച്ച് പഠനം നടത്തും. ഇതിന് ശേഷം പരിഹാരത്തിനായി പദ്ധതികള്‍ ആവിഷ്കരിക്കാനാണ് തീരുമാനം.
പാനൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ കാരണം മുൻപ് പെൺകുട്ടികൾക്കും വിവാഹം നടക്കാത്ത സ്ഥിതിയുണ്ടായിരുന്നു. എന്നാൽ, അതിൽ നിന്ന് പാനൂർ കരകയറി. അപ്പോഴാണ് യുവാക്കൾ പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രദേശത്തെ ചെറുപ്പക്കാർക്ക് കേന്ദ്ര-സംസ്ഥാന സേനകളിൽ അവസരം ലഭിക്കാൻ കായികപരിശീലനമടക്കം നൽകുന്ന ഇൻസൈറ്റ് പദ്ധതിയുടെ ഭാഗമാണ് പാനൂർ പൊലീസിന്റെ പുതിയ സർവേയും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam