റോഡ് പണി ഉദ്ഘാടനം ചെയ്ത് മന്ത്രി പോയി; ഒരു വര്‍ഷമായിട്ടും പണി തീരാതെ പരശുവയ്ക്കല്‍ റോഡ്

By Web TeamFirst Published Nov 25, 2022, 9:33 AM IST
Highlights

ഇതോടെ ഇരുചക്രവാഹന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്ന് പോകുന്നത്. ഓട്ടോ യാത്ര പോലും ദുരിതപൂര്‍ണ്ണമായെന്ന് പറയുകയാണ് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും. 

തിരുവനന്തപുരം: നെയ്യാറ്റിൻകര പരശുവയ്ക്കലിലെ ജനങ്ങൾ ദുരിതയാത്ര തുടങ്ങിയിട്ട് വർഷങ്ങളായി. പരിഹാരം കണേണ്ടവർ കണ്ണടയ്ക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ വര്‍ഷം ഈ റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തതായിരുന്നു. റോഡ് നിര്‍മ്മാണം ആഘോഷപൂര്‍വ്വം നടത്തി. പിന്നാലെ ഉണ്ടായിരുന്ന റോഡും കുത്തിപ്പൊളിച്ച് മെറ്റല്‍ വിരിച്ചു. അപ്പോഴേക്കും മഴക്കാലമെത്തി. തുടര്‍ന്ന് പണി നിര്‍ത്തി. 

ഇതോടെ റോഡില്‍ വിരിച്ച മെറ്റലെല്ലാം പുറത്തായി. റോഡ് പതിവിനേക്കാള്‍ കുളമായി. അതിനിടെ റോഡ് പണിക്കായി കൊണ്ട് വന്ന് റോഡ് വശത്ത കൂട്ടിയിട്ട മെറ്റലും മറ്റും റോഡില്‍ നിരന്നു. ഇതോടെ ഇരുചക്രവാഹന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്ന് പോകുന്നത്. ഓട്ടോ യാത്ര പോലും ദുരിതപൂര്‍ണ്ണമായെന്ന് പറയുകയാണ് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും. ഈ റോഡില്‍കൂടിയുള്ള യാത്രയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്കാണെന്നും ഇവര്‍ പറയുന്നു. പൊളിഞ്ഞ് കിടക്കുന്ന റോഡില്‍ കൂടി വണ്ടിയോടിച്ച് മനുഷ്യന് മാത്രമല്ല വണ്ടിക്കും പണി കൂടുകയാണെന്ന് ഇവര്‍ പരാതിപ്പെടുന്നു.  

മാലിന്യപ്ലാന്റ് നി‍‍ർമാണത്തിനെതിരെ കോതിയിൽ പ്രാദേശിക ഹ‍ർത്താൽ; പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് കോ‍ർപറേഷൻ

മൂന്നിലധികം സ്കൂളുകൾ ഉള്ള ഈ പ്രദേശത്ത് നിരവധി വിദ്യാർത്ഥികളും സ്കൂൾ ബസ്സുകളും ഉൾപ്പെടെയുള്ള വാഹനങ്ങള്‍ ഇതുവഴിയാണ് കടന്ന് പോകുന്നത്. റോഡില്‍ ഇളകി കിടക്കുന്ന മെറ്റലുകൾ വാഹനം പോകുമ്പോള്‍ തെറിച്ച് വഴിയാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ കാനകളോ മറ്റ് ജലനിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങളോ ഇല്ല. ഇതോടെ മഴ തുടങ്ങിയാല്‍ ഈ പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്. പരാതി നല്‍കി മടുത്ത നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ഫ്ലക്സ് സ്ഥാപിച്ചു കഴിഞ്ഞു. എത്രയും വേഗം റോഡ് നന്നാക്കി, ജനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലാത്തപക്ഷം വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

click me!