'ഗ്രീഷ്‌മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, ഐസിയുവിൽവെച്ച് പറഞ്ഞു; ഷാരോണിന്‍റെ മരണത്തിൽ നീതിക്കായി കുടുംബം

Published : Jan 17, 2025, 09:42 AM IST
'ഗ്രീഷ്‌മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, ഐസിയുവിൽവെച്ച് പറഞ്ഞു; ഷാരോണിന്‍റെ മരണത്തിൽ നീതിക്കായി കുടുംബം

Synopsis

ഗ്രീഷ്‌മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, അതുകൊണ്ടാണ് മജിസ്‌ട്രേറ്റിനോട് മരണക്കിടക്കിയിൽ കിടക്കുമ്പോഴും പേര് പോലും പറയാത്തതെന്ന് അച്ഛൻ ജയരാജ് പറഞ്ഞു.

തിരുവനന്തപുരം: 2022 ഒക്ടോബറിലാണ് കേരളത്തെ ഞെട്ടിച്ച ഷാരോൺ വധക്കേസ് സംഭവിക്കുന്നത്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടി കാമുകി ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകി കൊലപ്പെടുത്തി. 23 വയസ്സുള്ള
ഒരു ചെറുപ്പക്കാരൻ. അവന്റെ നല്ല ഭാവിയും , ജീവിതവും എല്ലാം സ്വപ്നം കണ്ട അച്ഛനമ്മമാരുടെ പ്രതീക്ഷകളെ തച്ചുടച്ച് ഗ്രീഷ്മ ഷാരോണിന്‍റെ ജീവനെടുത്തു. സ്നേഹിച്ച പെൺകുട്ടിയുടെ ചതിയിൽ ആ ജീവൻ ഇല്ലാതാകുമെന്ന് ഷാരോണിന്‍റെ അച്ഛനും അമ്മയും ചിന്തിച്ചിരുന്നതേ ഇല്ല..

ഷാരോണിന്‍റെ വസ്ത്രങ്ങളും  ഉപയോഗിച്ചിരുന്ന വസ്തുക്കളും ഒക്കെ അതേ പോലെ  അച്ഛൻ ജയരാജും അമ്മ പ്രിയയും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.  ഷാരോൺ വധക്കേസിൽ ഇന്ന് നെയ്യാറ്റിൻകര സെഷൻസ് കോടതി വിധി പറയാൻ ഇരിക്കെ പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ് ആ മാതാപിതാക്കൾ. ഗ്രീഷ്മക്കും കൂട്ടുപ്രതികൾക്കും അർഹമായ ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് കരച്ചിലടക്കാനാവാതെ അമ്മ പ്രിയ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

ഗ്രീഷ്മയുമായുള്ള ബന്ധത്തെക്കുറിച്ച് ഷാരോൺ പറഞ്ഞിട്ടുണ്ടായിരുന്നു. സുഹൃത്തുക്കളേപ്പോലെയായിരുന്നു വീട്ടിൽ. ഒന്നും ഒളിച്ച് വെച്ചിരുന്നില്ലെന്ന് അമ്മ പറയുന്നു. ഗ്രീഷ്‌മയെ അത്രയ്ക്ക് ഇഷ്ടമായിരുന്നു മോന്, അതുകൊണ്ടാണ് മജിസ്‌ട്രേറ്റിനോട് മരണക്കിടക്കിയിൽ കിടക്കുമ്പോഴും പേര് പോലും പറയാത്തതെന്ന് അച്ഛൻ ജയരാജ് പറഞ്ഞു. ഗ്രീഷ്മ തന്ന ജ്യൂസ് കുടിച്ചു, ഞാൻ മരിച്ച് പോകും, എനിക്ക് മാപ്പ് തരണം എന്ന് മകൻ തന്നോട് പറഞ്ഞെന്നും ജയരാജ് പറഞ്ഞു.

എപ്പോഴും തമാശകൾ പറഞ്ഞ് ചിരിപ്പിക്കുന്ന മകൻ,അതാണ് ഷാരോണിന് കുറിച്ച് അച്ഛനും അമ്മയും വേദനയോടെ പറയുന്നത്. മകന് നല്ല ജോലി കിട്ടുന്നതും സന്തോഷത്തോടെ സമാധാനത്തോടെ ബാക്കിയുള്ള കാലം ജീവിക്കുന്നതും ഒക്കെ ഏതൊരു അച്ഛനമ്മമാരെയും പോലെ സ്വപ്നം കണ്ടവരാണ് അവർ. അത് കൊണ്ടാണ് അവൻ ഇല്ലാതായി എന്ന്  ഇപ്പോഴും വിശ്വസിക്കാൻ അവർക്കായിട്ടില്ല. മോനെ ഗ്രീഷ്മ പറ്റിച്ചു എന്ന വേദനയുണ്ട്. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടന്നുവെന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അച്ഛൻ പറയുന്നു.

2022 ഒക്ടോബർ 14നായിരുന്ന ഷാരോണ്‍ ഗ്രീഷ്മ നൽകിയ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോണ്‍ മരിച്ചു. ഷാരോണിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോണ്‍ ആശുപത്രിയിൽ കിടന്നപ്പോള്‍ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. ഒടുവിൽ ഷാരോണിന്‍റെ അച്ഛന്‍റെയും സുഹൃത്തിന്‍റെയും മൊഴിയിൽ പൊലീസ് ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തു. 

2022 ഒക്ടോബര്‍ 31നാണ് ഗ്രീഷ്മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.   കസ്റ്റഡിയിലിരിക്കെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് ഷാരോൺ വധക്കേസിൽ പ്രതിയാകുന്നത്. പ്രതികൾക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസ് തെളിയിക്കാൻ പ്രതികൾക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുംപ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

വീഡിയോ സ്റ്റോറി

Read More : വിവാഹം ഉറപ്പിച്ചപ്പോൾ കാമുകനെ ഒഴിവാക്കാൻ ക്രൂര കൊലപാതകം; ഷാരോൺ വധക്കേസിൽ ഇന്ന് കോടതി വിധി പറയും

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ