
കൊൽക്കത്ത: താൻ അയച്ച പാഴ്സലിൽ മയക്കുമരുന്നാണെന്ന് വിശ്വസിപ്പിച്ച് വയോധികയിൽ നിന്ന് 78 ലക്ഷം രൂപയിലധികം പറ്റിച്ച കേസിൽ 3 പേർ അറസ്റ്റിൽ. പ്രതികളെ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് കൊൽക്കത്ത പൊലീസ് പറഞ്ഞു. കൊൽക്കത്തയിലെ മണിക്തല നിവസിയാണ് തട്ടിപ്പിനിരയായത്. 2024 മാർച്ച് 9 ന് ആണ് സംഭവങ്ങളുടെ തുടക്കം. ദീപൻവിത ധർ എന്ന സ്ത്രീക്ക് തന്റെ പേരിലുള്ള ഒരു പാഴ്സൽ ക്യാൻസൽ ആയതായി ഒരു ഓട്ടോമേറ്റഡ് കോൾ ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതെത്തുടർന്ന് കൂടെ വന്ന മെസേജിൽ നൽകിയ കസ്റ്റമർ കെയർ നമ്പറിലേക്ക് അവർ വിളിക്കുകയായിരുന്നു.
എന്നാൽ, മറുപുറത്ത് ഫോൺ എടുത്തവർ മുംബൈ പൊലീസിൽ നിന്നാണെന്ന് വയോധികയോട് പറയുകയായിരുന്നു. എന്നാൽ, വയോധികയുടെ പേരിൽ മറ്റൊരാൾക്ക് അയച്ച പാഴ്സൽ ആണ് ക്യാൻസൽ ആയതെന്നും പൊതിയിൽ 200 ഗ്രാം അതിമാരക മയക്കുമരുന്ന് ഉണ്ടായിരുന്നതായും അവർ വയോധികയെ വിശ്വസിപ്പിച്ചു. തങ്ങൾക്ക് ഇതിൽ പങ്കില്ലെന്ന് പറഞ്ഞപ്പോൾ, ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടതാകാമെന്നും അവരുടെ ബാങ്ക് അക്കൌണ്ട് ഉൾപ്പെടെ സംശയത്തിന്റെ നിഴലിലാണെന്നും വയോധികയോട് അവർ പറഞ്ഞതായെ പൊലീസ് പറയുന്നു.
ഇതിനെക്കുറിച്ച് മറ്റാരോടും സംസാരിക്കരുതെന്ന് തട്ടിപ്പുകാർ മുന്നറിയിപ്പ് നൽകി. രക്ഷപ്പെടാനായി റിസർവ് ബാങ്കിൽ ഒരു സെക്യൂരിറ്റി അമൌണ്ട് കെട്ടിവക്കാനും നിർദേശിച്ചു. അങ്ങനെ ഇവർ നൽകിയ അക്കൌണ്ടിലേക്ക് 78.3 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പിന്നീട് വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ ഇവർ പൊലീസിനെ സമീപിച്ചു. അന്വേഷണത്തിലൂടെ ഗുജറാത്തിൽ നിന്നും പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam