പാലക്കാട് ജില്ലാ കലോത്സവം; വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ വിധികര്‍ത്താക്കളെ തടഞ്ഞ് രക്ഷിതാക്കള്‍

By Web TeamFirst Published Nov 29, 2022, 2:09 PM IST
Highlights

 പുലര്‍ച്ചെ 1.30 ന് മത്സരം അവസാനിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ചേര്‍ന്ന് വിധികര്‍ത്താക്കളുടെ വാഹനം തടയുകയായിരുന്നു. 


പാലക്കാട്: ജില്ലാ കലോത്സവത്തിനിടെ മത്സരങ്ങളുടെ ഫലത്തെ ചൊല്ലി സംഘര്‍ഷം.  വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ ഫലമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഈ മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ക്കളെ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന്   തടഞ്ഞ് വെയ്ക്കുകയായിരുന്നു. വിധികര്‍ത്താക്കള്‍ക്ക് യോഗ്യതയില്ലെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിധിനിര്‍ണ്ണയം നടത്തിയതെന്നും ആരോപിച്ചാണ് രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ തടഞ്ഞ് വച്ചത്. പിന്നീട് വേദിയുടെ ചുമതലയുളള അധ്യാപകരെത്തിയാണ് വിധികര്‍ത്താക്കളെ മോചിപ്പിച്ച് സംഘര്‍ഷത്തിന് അയവ് വരുത്തിയത്. 

വട്ടപ്പാട്ട് വിധിനിര്‍ണ്ണയത്തിനെത്തിയ അധ്യാപകര്‍ക്ക് വിധിനിര്‍ണ്ണയത്തിനുളള യോഗ്യത ഇല്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. പുലര്‍ച്ചെ 1.30 ന് മത്സരം അവസാനിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ചേര്‍ന്ന് വിധികര്‍ത്താക്കളുടെ വാഹനം തടയുകയായിരുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗം ചെണ്ടമേളം മത്സരത്തിന്‍റെ വിധി നിര്‍ണ്ണയത്തിലും അപാകതയെന്നാരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. വിധി നിര്‍ണ്ണയത്തിന്‍റെ മാനദണ്ഡം ലംഘിച്ചുവെന്നും വിജയിച്ച ടീമിന് കൂടുതല്‍ സമയം അനുവദിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നാലോളം വിദ്യാലയങ്ങളില്‍ നിന്നുള്ള ടീമുകളാണ് പ്രതിഷേധമുയര്‍ത്തിയത്. ഇരുവേദികളിലും വിധികര്‍ത്താക്കളുടെ വാഹനങ്ങള്‍ രക്ഷിതാക്കളും വിവിധ സ്കൂളുകളിലെ അധ്യാപകരും ചേര്‍ന്ന് തടയുകയായിരുന്നു. വിധി നിര്‍ണ്ണയത്തിനെതിരെ അപ്പീല്‍ പോകുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. 

ഇതിനിടെ എറണാകുളം ജില്ലാ റവന്യൂ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നാടന്‍ പാട്ട് അവതരണം നടത്തി. മത്സര ഇനങ്ങളുമായി ബന്ധമില്ലാത്ത വിധികര്‍ത്താക്കള്‍ എത്തുന്നു എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നാടന്‍ പാട്ട് അവതരണം നടത്തിയത്. എറണാകുളം എസ് എച്ച് തേവര സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ നാടന്‍ പാട്ട് അവതരണം നടത്തിയത്. സബ് ജില്ലാ കലോത്സവത്തില്‍ നാടന്‍ പാട്ട് അവതരണത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു എസ് എച്ച് തേവര സ്കൂള്‍. വെറും അര മാര്‍ക്കിനാണ് എസ് എച്ച് തേവരയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായതെന്ന് വിധികര്‍ത്താക്കള്‍ അറിയിച്ചെന്ന് പരിശീലകന്‍ പറഞ്ഞു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. അപ്പീല്‍ അനുവധിക്കുമെന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്നും വിശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ മൂത്തകുന്നത് നടക്കുന്ന ജില്ലാ റവന്യൂ കലോത്സവത്തിലെത്തിയത്. എന്നാല്‍, ഇതിനിടെ ഹൈക്കോടതി അപ്പീല്‍ തള്ളി. ഒന്നാം സ്ഥാനക്കാരും തമ്മില്‍ പത്ത് മാര്‍ക്കിന്‍റെ വ്യത്യാസമുണ്ടായിരുന്നു. സബ് ജില്ലാ കലോത്സവത്തില്‍ വഞ്ചിപ്പാട്ട് വിധികര്‍ത്താക്കളാണ് നാടന്‍ പാട്ട് മത്സരത്തിന് വിധികര്‍ത്താക്കളായി എത്തിയതെന്ന് പരിശീലകന്‍ ആരോപിച്ചു. ഇതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ നാടന്‍ പാട്ട് അവതരണം നടന്നത്. 

click me!