സാരി മോഷണം; അബദ്ധം പറ്റിയതാണെന്ന് കരഞ്ഞപേക്ഷിച്ച് സ്ത്രീ; ഒടുവിൽ കേസ് വേണ്ടെന്ന് കടയുടമ, പണം കൊടുത്ത് തടിയൂരി

By Web TeamFirst Published Nov 29, 2022, 2:02 PM IST
Highlights

കഴിഞ്ഞ മാസമാണ് തൃപ്രയാർ സ്വദേശിനിയായ യുവതി ഭർത്താവിനൊപ്പം കടയിലെത്തിയത്. ആ സമയത്ത് കടയിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. 

ഗുരുവായൂര്‍: കടയിൽ നിന്ന് സാരി മോഷ്ടിച്ചതിന് ശേഷം കടന്നു കളഞ്ഞ സ്ത്രീ വീണ്ടും അതേ കടയിലെത്തി, കയ്യോടെ പൊലീസിൽ ഏൽപിച്ച് കടക്കാരൻ, ​ഗുരുവായൂരിലെ കടയിലാണ് സംഭവം. ഒരു മാസം മുമ്പാണ് സ്ത്രീ കടയിലെത്തി സാരി മോഷ്ടിച്ചത്. അന്ന് ഇവരെ പിടി കൂടാൻ സാധിച്ചില്ല. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. സ്ത്രീയുടെ മുഖം ഓർത്തുവെച്ച കടക്കാരൻ ഇവരെ പൊലീസിൽ ഏൽപിക്കുകയായിരുന്നു. 

കഴിഞ്ഞ മാസമാണ് തൃപ്രയാർ സ്വദേശിനിയായ യുവതി ഭർത്താവിനൊപ്പം കടയിലെത്തിയത്. ആ സമയത്ത് കടയിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ തിരിച്ചുപോയതിന് ശേഷമാണ് മോഷണ ദൃശ്യങ്ങൾ അറിഞ്ഞത്. അന്ന് പൊലീസിൽ വിവരം അറിയിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പൊലീസിൽ വിവരം നൽകിയത്. പിന്നീട് ഇവർ വീണ്ടും കടയിൽ എത്തിയപ്പോഴാണ് കടയുടമ സിസിടിവി ദൃശ്യങ്ങളുമായി ഒത്തുനോക്കി ഉറപ്പു വരുത്തി പൊലീസില്‍ വിവരമറിയിച്ചത്. 

ക്ഷേത്രനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെയാണ് സ്ത്രീയെയും ഭര്‍ത്താവിനെയും കടയില്‍ തടഞ്ഞുവെച്ചത്. എന്നാൽ പിന്നീടാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അബദ്ധം പറ്റിയതാണെന്ന് സ്ത്രീ കരഞ്ഞപേക്ഷിച്ചു. ഒടുവിൽ കേസ് വേണ്ട, മോഷ്ടിച്ച സാരിയുടെ പണം ലഭിച്ചാൽ മതി എന്ന ഒത്തുതീർപ്പിലേക്കെത്തി. പണം കൊടുക്കാമെന്ന ധാരണയിൽ സ്ത്രീയെയും ഭർത്താവിനെയും പറഞ്ഞുവിടുകയായിരുന്നു. 

ലിഫ്റ്റിനരികിലെ ദ്വാരം വഴി ജ്വല്ലറിയിൽ കയറി വൻ മോഷണം; പ്രദേശം അടച്ചിട്ട് റെയ്ഡ്, 2 മണിക്കൂറിൽ പ്രതികളെ പൊക്കി
 

click me!