സ്‌കൂൾ കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നു വീഴുന്നു, കുട്ടികൾക്കും അധ്യാപകർക്കും ഭീഷണി

Published : Jul 08, 2022, 07:43 PM IST
സ്‌കൂൾ കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നു വീഴുന്നു, കുട്ടികൾക്കും അധ്യാപകർക്കും ഭീഷണി

Synopsis

സുനാമി സ്മാരക മന്ദിരമായാണ് ഈ കെട്ടിടം നിർമിച്ചത്. 2008 മെയ് മാസത്തിലാണ് കെട്ടിടം തുറന്നു കൊടുത്തത്. അധികനാൾ കഴിയുന്നതിനു മുമ്പു തന്നെ ഇതിന്റെ വരാന്ത പൊട്ടിപ്പൊളിഞ്ഞിരുന്നു...

ആലപ്പുഴ : ഹരിപ്പാട് ആറാട്ടുപുഴ വലിയഴീക്കൽ ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നു വീഴുന്നത് കുട്ടികൾക്കും അധ്യാപകർക്കും ഭീഷണിയാകുന്നു. ഹയർസെക്കൻഡറി വിഭാഗവും പ്രഥമാധ്യാപകന്റെയും പ്രിൻസിപ്പലിന്റെയും ഓഫീസും പ്രവർത്തിച്ചു വരുന്ന മൂന്നു നില കെട്ടിടത്തിന്റ മേൽക്കൂര ഭാഗവുമാണ് പൊളിഞ്ഞു വീഴുന്നത്. 

സുനാമി സ്മാരക മന്ദിരമായാണ് ഈ കെട്ടിടം നിർമിച്ചത്. 2008 മെയ് മാസത്തിലാണ് കെട്ടിടം തുറന്നു കൊടുത്തത്. അധികനാൾ കഴിയുന്നതിനു മുമ്പു തന്നെ ഇതിന്റെ വരാന്ത പൊട്ടിപ്പൊളിഞ്ഞിരുന്നു. പിന്നീട് ഇത് അറ്റകുറ്റപണി നടത്തി. ഇപ്പോൾ മൂന്നു നിലകളിലെയും വാർക്ക ഭാഗവും അടർന്നു വീഴുകയാണ്. കഴിഞ്ഞദിവസവും ഭാഗങ്ങൾ അടർന്ന് താഴേക്കു വീണു. ഭാഗ്യം കൊണ്ടാണ് അപകടം ഒന്നും ഉണ്ടാകാഞ്ഞത്. 
എൽകെജി മുതൽ പ്ലസ്ടു വരെ അറുന്നുറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 

സ്‌കൂളിനു കളിസ്ഥലം ഇല്ലാത്തതിനാൽ വിദ്യാലയമുറ്റത്താണ് ചെറിയ കുട്ടികൾ ഉൾപ്പെടെ ഓടിക്കളിക്കുന്നത്. പൊളിഞ്ഞു വീഴുന്ന കെട്ടിടത്തിനടുത്തേക്കും കുട്ടികളെത്താറുണ്ട്. കൂടാതെ ശുചിമുറിയിലേക്കു പോകുന്നതും കെട്ടിടത്തിന്റെ അടുത്തുകൂടിയാണ്. അപകടാവസ്ഥയിലായ കെട്ടിടത്തിനടുത്തേക്കു കുട്ടികൾ വരാതിരിക്കാൻ ഇപ്പോൾ കയർ കെട്ടി തിരിച്ചിരിക്കുകയാണ്. സ്‌കൂളിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങിയാണ് കുട്ടികൾ ഇപ്പോൾ ശൗചാലയത്തിലേക്കു പോകുന്നത്. 

പാതിവഴിയിൽ പണി നിർത്തിയ ഇവിടുത്തെ മറ്റൊരു സുനാമി കെട്ടിടവും ജീർണ്ണാവസ്ഥയിലാണ്. ഈ കെട്ടിടത്തിന്റെ ഒരു നില പൂർത്തിയായെങ്കിലും ക്ലാസ്സ് മുറിയായി ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇതിന്റെ ഒരു ഭാഗമാണ് പാചകപ്പുരയായി ഉപയോഗിക്കുന്നത്. 
സ്‌കൂളിലെ സുരക്ഷാ-ശാസ്ത്ര സാങ്കേതിക മ്യൂസിയം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സ്ഥിതിയും മറിച്ചല്ല. രണ്ടാം നിലയിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. ഇതിന്റെ ജനാലകളും മറ്റും ദ്രവിച്ചിളകി. 

രണ്ടു ദിവസം മുൻപ് ജനാല ചില്ലുകൾ ഇളകി തൊട്ടുചേർന്നുളള റോഡിലേക്ക് പതിച്ചിരുന്നു. ഭാഗ്യം കൊണ്ടാണ് ആ സമയം ഇതുവഴി പോയ യാത്രക്കാരൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കിഴക്കേ കെട്ടിടത്തിന്റെ പിറകുവശത്തുളള ഷീറ്റുകൊണ്ട് നിർമിച്ച ഷെഡും നിലം പൊത്താറായ അവസ്ഥയിലാണ്. സ്‌കൂൾ അധികൃതർ കെട്ടിടങ്ങളുടെ അപകടാവസ്ഥ അധികാരികളെ അറിയിച്ചിട്ടുണ്ട്. സാധാരണക്കാരായ മത്സ്യ-കയർത്തൊഴിലാളികളുടെ മക്കളാണ് ഇവിടെ പഠിക്കുന്നവരിലധികവും. തങ്ങളുടെ കുട്ടികളുടെ ഭീഷണിയാകുന്ന അവസ്ഥയിലാണു കെട്ടിടങ്ങളെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എത്രയും വേഗം ഇതിനു പരിഹാരമുണ്ടാകണമെന്നാണ് അവരുടെ ആവശ്യം.

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ