കെഎസ്ആര്‍ടിസിക്ക് പുറകേ താളം തെറ്റി റെയില്‍വേ സര്‍വ്വീസും; യാത്രക്കാര്‍ പെരുവഴിയില്‍

By Web TeamFirst Published Dec 20, 2018, 1:14 PM IST
Highlights

കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കൊപ്പം ട്രെയിന്‍ സര്‍വീസ് കൂടി താളം തെറ്റിയതോടെ യാത്രക്കാര്‍ വലയുന്നു. 

തൃശൂര്‍: കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ക്കൊപ്പം ട്രെയിന്‍ സര്‍വീസ് കൂടി താളം തെറ്റിയതോടെ യാത്രക്കാര്‍ വലയുന്നു. തൃശൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ഹ്രസ്വദൂര ബസുകള്‍ ജീവനക്കാരില്ലാത്തതിന്‍റെ പേരില്‍ റദ്ദാക്കിയിരിക്കുകയാണ്. ഇതിനിടെ അങ്കമാലിയില്‍ ഗുഡ്സ് ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ റെയില്‍വേയുടെ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത് കൂനിന്മേല്‍ കുരുവായി. ബസ്, ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതുമൂലം തൃശൂരില്‍ എത്തിയ യാത്രക്കാര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടന്നു. പലരും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് യാത്ര തുടര്‍ന്നത്. 

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിട്ടത് മൂലം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത് കൊടുങ്ങല്ലൂര്‍, പുതുക്കാട്, മാള ഡിപ്പോകളാണ്. കൊടുങ്ങല്ലൂര്‍ ഡിപ്പോ 16 സര്‍വീസുകളും പുതുക്കാട്, മാള ഡിപ്പോകള്‍ 13 സര്‍വീസുകള്‍ വീതവും റദ്ദാക്കി. തൃശൂര്‍ ഡിപ്പോ ആറ് സര്‍വീസും ചാലക്കുടി 11 സര്‍വീസും ഇരിങ്ങാലക്കുട അഞ്ച് സര്‍വീസും ഗുരുവായൂര്‍ ഏഴ് സര്‍വീസും കെഎസ്ആര്‍ടിസി റദ്ദാക്കി. പി എസ് സി നിര്‍ദ്ദേശിച്ച പുതിയ ജീവനക്കാര്‍ ചുമതലയേല്‍ക്കും വരെ പ്രതിസന്ധി തുടരുമെന്ന സ്ഥിതിയാണുള്ളത്. സ്ഥിരം ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടി നല്‍കി സര്‍വീസുകള്‍ നടത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര പ്രായോഗികമല്ലെന്നാണ് സൂചന. 

ട്രെയിന്‍ യാത്രക്കാരെ നട്ടം തിരിച്ച് ഇന്നലെയാണ് അങ്കമാലിയില്‍ ഗുഡ്സ് ട്രെയിന്‍ കടന്നു പോകുന്നതിനിടയില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണത്. ഇതോടെ ട്രെയിന്‍ ഗതാഗതം മണിക്കൂറുകളോളമാണ് സ്തംഭിച്ചത്. ഇന്ന് രാവിലെ ഗതാഗത തടസം നീങ്ങിയിട്ടുണ്ട്. അങ്കമാലിയില്‍ ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ലൈന്‍ പൊട്ടിയതോടെ കോട്ടയത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് ട്രെയിന്‍ പാളത്തില്‍ കുരുങ്ങി. ഓവര്‍ ലോഡു മൂലം ലൈന്‍ കത്തുകയും പൊട്ടി വീഴുകയുമായിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റിയ ടാങ്കറായിരുന്നെങ്കില്‍ അപകടം വന്‍ ദുരന്തത്തില്‍ കലാശിക്കുമായിരുന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരുന്നു. 

നാലു മണിക്കൂറോളം സമയമെടുത്താണ് വൈദ്യുതി ലൈന്‍ പുനഃസ്ഥാപിച്ചത്. ഗുഡ്സ് ട്രെയിന്‍ ട്രാക്കില്‍ നിന്നും നീക്കി ഏറെ സമയമെടുത്താണ് പ്രശ്നം പരിഹരിക്കാനായത്. രാവിലെ ജോലി സ്ഥലത്തേക്കും പഠനാവശ്യത്തിനുമെല്ലാം യാത്ര ചെയ്തവര്‍ക്ക് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത് ദുരിതമായി മാറി. രണ്ട് മാസത്തോളമായി പലകാരണങ്ങളാല്‍ ട്രെയിനുകള്‍ കൃത്യതപാലിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നതിന് പിന്നാലെയാണ് ഈ സംഭവം.
 

click me!