
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന പാലം മാസങ്ങള്‍ പിന്നിട്ടിട്ടും പുനര്‍നിര്‍മിക്കാതിരുന്നതിനാല്‍ നഷ്ടമായത് ഒരു ജീവന്‍. പാലമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ താണ്ടി ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയാണ് രോഗി മരിച്ചത്. പള്ളിവാസല്‍ ആറ്റുകാട് എസ്റ്റേറ്റില്‍ മോഹന്‍ (67) ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച് കിടക്കാന്‍ ശ്രമിക്കുന്നതിനിടെ മോഹന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തൊഴിലാളികള്‍ വാഹനത്തില്‍ ഇയാളെ പോതമേട് വഴി മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമദ്ധ്യേ മരിച്ചു.
പാലം സഞ്ചാരയോഗ്യമാക്കിയിരുന്നെങ്കില്‍ രോഗിയെ നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നെന്ന് ആറ്റുകാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറി ജയപ്രകാശ് പറയുന്നു. ഓഗസ്റ്റില്‍ പെയ്ത കനത്തമഴയില്‍ മുതിരപ്പുഴ കരകവിയുകയും ആറ്റുകാട് വെള്ളച്ചാട്ടത്തിന് കുറുകെ സ്ഥാപിച്ചിരുന്ന പാലം ഒഴുകിപ്പോവുകയും ചെയ്തു.
പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും സ്വകാര്യ കമ്പിനിയുടമകള്‍ സമ്മതിച്ചില്ല. ജനപ്രതിനിധികള്‍ അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്താതെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, മാസങ്ങല്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കമ്പിയുടമകള്‍ക്ക് കഴിഞ്ഞിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാര്‍ സൗത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പള്ളിവാസലിന് സമീപം കൊച്ചി-ധനുഷ്‌കോടി ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഏക ആശ്രയമായ പാലം കമ്പനിയുടമകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡന്റ് ഫാസില്‍ റഹീം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam