
വൈത്തിരി: വയനാട് വൈത്തിരിയിൽ പൊലീസും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി ആർ കറുപ്പുസ്വാമിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നു. വയനാട് സബ് കലക്ടറും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വൈത്തിരിയും പരിസര പ്രദേശങ്ങളിലും കനത്ത പൊലീസ് സുരക്ഷയിലാണ്. മാവോയിസ്റ്റുകളിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ പ്രതികാര നടപടിയെന്നോണം മാവോയിസ്റ്റുകളിൽ നിന്നും പ്രത്യാക്രമണം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്.
പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി മറ്റ് ജില്ലകളില്‍ നിന്നുള്ള തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ ഒമ്പത് മണിയോടെ എത്തുമെന്ന് പൊലീസ് അറിയിച്ചു. മാവോയിസ്റ്റുകളുമായുള്ള വെടിവയ്പ്പിനെ തുടര്‍ന്ന് തടഞ്ഞ കോഴിക്കോട് വയനാട് ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. റിസോര്‍ട്ട് അധികൃതരോടും താമസക്കാരോടും പുറത്തിറങ്ങരുതെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനടുത്തുള്ള വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ബുധനാഴ്ച്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഉടമയോട് പണം ആവശ്യപ്പെടുകയും ഇത് വാക്ക് തർക്കത്തിലെത്തുകയും ചെയ്തു. ഈ സമയം അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടർ ബോൾട്ടിനെ വിവരം അറിയിച്ചു. പിന്നാലെ തണ്ടർ ബോൾട്ട് സംഘം ഇവിടെയെത്തുകയും റിസോർട്ടിന് മുന്നിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിൽ വെടിവെപ്പ് ആരംഭിക്കുകയുമായിരുന്നു. വെടിവെയ്പ്പ് പുലർച്ചെ നാലര വരെ നീണ്ടുവെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam