
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ അടക്കം രൂക്ഷമായ മരുന്ന് ക്ഷാമം. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പല ആശുപത്രികളിലും സ്റ്റോക്കില്ല. ലോക്കൽ പർച്ചേസിങ്ങിലൂടെ ആശുപത്രികളിൽ മരുന്നെത്തിച്ചെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. ജീവിതശൈലി രോഗങ്ങളുമായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗികൾ മരുന്നില്ലാതെ മടങ്ങുകയാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി പല രോഗങ്ങൾക്കും ബീച്ച് ആശുപത്രിയിൽ മരുന്നില്ല. ഡോക്ടറുടെ കുറിപ്പുമായി എത്തിയ രോഗികളെയാണ് ഫാർമസിയിൽ നിന്നും തിരിച്ചയക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക ആശുപത്രികളിലും സമാനമായ അവസ്ഥയാണെന്ന് രോഗികൾ പറയുന്നു.
കെഎംഎസ്‍സിഎൽ വഴിയുള്ള മരുന്ന് വിതരണം തടസ്സപ്പെട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. അർബുദബാധിതർക്ക് നൽകുന്ന മോർഫിൻ അടക്കമുള്ള വേദനസംഹാരികളും പലയിടത്തും സ്റ്റോക്കില്ല. ലോക്കൽ പർച്ചേസിങ്ങിലൂടെ ക്ഷാമം നേരിടുന്ന ആശുപത്രികളിൽ മരുന്നെത്തിച്ചിട്ടുണ്ടെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ വിശദീകരണം. കഴിഞ്ഞ ദിവസം ജില്ലയിൽ യോഗം ചേർന്ന് മരുന്നിന്റെ സ്റ്റോക്കുകൾ വിലയിരുത്തിയിരുന്നു. ആശുപത്രികളിൽ കൂടുതൽ സ്റ്റോക്കുള്ള മരുന്നുകൾ റീ-ഡിസ്ട്രിബ്യൂട്ട് ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കെഎംഎസ്‍സിഎല്ലിൽ നിന്ന് മരുന്നുകൾ ലഭിച്ചാൽ മാത്രമേ പൂർണ്ണമായും പ്രതിസന്ധി പരിഹരിക്കാൻ കഴിയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam