
കോട്ടയം: കോട്ടയം നഗരസഭയിൽ പെൻഷൻ പണം തട്ടി അറസ്റ്റിലായ അഖിൽ പണമുപയോഗിച്ചത് ആഡംബര ജീവിതത്തിന്. അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ പണം അഖിൽ അമ്മയുടെ പേരിലേക്കാണ് മാറ്റിയിരുന്നത്. ഒരു മാസം അഞ്ച് ലക്ഷം രൂപ വരെയാണ് ഇയാൾ 2020നും 2023നും ഇടയിൽ കൊല്ലം മങ്ങാട് സ്വദേശിയായ അഖിൽ തട്ടിയത്. നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് കൂടിയായ അഖിലിനെതിരെ നഗരസഭാ സെക്രട്ടറിയാണ് പരാതി നൽകിയത്. രണ്ടര കോടിയിലേറെ പണം തട്ടിയെടുത്ത അഖിൽ ഈ പണം ഉപയോഗിച്ച് ആഡംബര കാറും ബൈക്കും വാങ്ങി. ഇതിന് പുറമേ കൊല്ലത്ത് ഈ പണമുപയോഗിച്ച് സ്ഥലവും അഖിൽ വാങ്ങി. ഒളിവിൽ കഴിഞ്ഞ സമയത്ത് ഓൺലൈൻ മുഖേനയോ എടിഎം കാർഡ് ഉപയോഗിച്ചോ അഖിൽ പണമിടപാട് നടത്തിയിരുന്നില്ല. കൊല്ലത്തും പിന്നീട് തമിഴ്നാട്ടിലും തൃശ്ശൂരിലും എറണാകുളത്തും പ്രതിയുടെ ചില ബന്ധുവീടുകളിലും ഒളിവിൽ കഴിഞ്ഞ അഖിൽ പണമിടപാടുകളെല്ലാം നേരിട്ടായിരുന്നു നടത്തിയിരുന്നത്.
തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോയ അഖിൽ അറസ്റ്റിലായ ലോഡ്ജിൽ എത്തിയത് രണ്ട് ദിവസം മുൻപ് മാത്രമായിരുന്നു. കോട്ടയം നഗരസഭയിൽ വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോൾ വലിയ അപാകത ശ്രദ്ധയിൽ പെട്ടിരുന്നു. ഒരു വർഷത്തോളമായി ഒളിവിലായിരുന്ന അഖിൽ വൈക്കം നഗരസഭയിലായിരുന്നു ഒടുവിൽ ജോലി ചെയ്തിരുന്നത്. വ്യാജ രേഖകൾ ഉണ്ടാക്കി പെൻഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ വിജിലൻസ് വിഭാഗമാണ് അഖിലിനെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam