
മൂവാറ്റുപുഴ: സന്ദർശകരെ കൊണ്ട് നിറയാറുള്ള മലങ്കര അണക്കെട്ടിലേക്ക് ഇപ്പോള്‍ വരുന്നത് പണ്ട് ഇവിടെ താമസിച്ചിരുന്നവരാണ്. അവരുടെ വീടിരുന്ന സ്ഥലവും നടന്നു പോയ വഴിയും കളിച്ചു നടന്ന സ്ഥലങ്ങളും. കാണാൻ. അറ്റകുറ്റപ്പണിക്കായി അണക്കെട്ടിലെ വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെയാണ്, കുടിയൊഴിഞ്ഞു പോയ സ്ഥലം മൂന്നു പതിറ്റാണ്ടിന് ശേഷം അവര്‍ക്ക് കാണാനായത്. അണക്കെട്ടിന്‍റെ ഷട്ടറുകള്‍ ആറുവര്‍ഷത്തിലൊരിക്കല്‍ അറ്റകുറ്റപണി നടത്താന്‍ കൂട്ടത്തോടെ തുറക്കാറുള്ളതാണ്.
മൂലമറ്റം പവര്‍ഹൗസിൽ നിന്ന് വെള്ളമെത്തുന്നതിനാല്‍ അപ്പോഴൊന്നും ജലനിരപ്പ് ഒരു പരിധിയില്‍ കുറയാറുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദനം കുറച്ചതിനാല്‍ പുറത്തേക്കുവിടുന്ന വെള്ളം അധികമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വെള്ളം പൂര്‍ണ്ണായും ഒഴുകിപ്പോയപ്പോൾ അണക്കെട്ട് പ്രദേശത്തെ പഴയ കാഴ്ചകൾ പുറത്തുവന്നു.
പഴയ റോഡുകള്‍ പാലങ്ങള്‍ വീടുകളുടെ അവശിഷ്ടങ്ങള്‍. അണകെട്ടില്‍ വെള്ളം ശേഖരിച്ചുതുടങ്ങിയ 1992 -ന് ശേഷം ആദ്യമായാണ് ഇവയെല്ലാം ദൃശ്യമാകുന്നത്.മുൻപ് ഇവിടെ ജീവിച്ച നിരവധി പേരാണ്, ആ പഴയ കാലത്തിന്റെ ശേഷിപ്പുകൾ കാണാനും ഓര്‍മ്മ പുതുക്കാനുമായി മലങ്കരയിലെത്തുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ജീവിതത്തിന്റെ നല്ല ഭാഗങ്ങൾ കഴിച്ചുകൂട്ടിയ ഇടങ്ങൾ, ഡാമിന‍്റെ ഷട്ടര്‍ അറ്റകുറ്റപ്പണി കഴിയുന്നതോടെ വീണ്ടും വെള്ളത്തിനടിയിലാകും. പിന്നെ പതിറ്റാണ്ടുകള്‍ കാത്തിരിക്കണം വീണ്ടുമൊന്ന് കാണാന്‍.
അതേസമയം, മലങ്കര ഡാമിന‍്റെ ഷട്ടറിന്റേതടക്കമുള്ള അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. ആറ് ഷട്ടറുകകളുടെ റബർ ബീഡിങ്ങ് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാവുകയും മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറവുമായതിനാൽ ജലനിരപ്പ് ക്രമീകരിച്ച് നിർത്താൻ സാധിക്കുന്നത് ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam