
കൊല്ലം: ചണ്ണപ്പേട്ടയിൽ ജനവാസ മേഖലയോട് ചേർന്ന് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനുള്ള
നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പരപ്പാടി എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമി വിലയ്ക്ക് വാങ്ങി പ്ലാന്റ് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. എന്നാൽ മനുഷ്യർ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്ലാന്റ് അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
ലോക ബാങ്കിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്. കൊല്ലം ചണ്ണപ്പേട്ടയിലെ പരപ്പാടി എസ്റ്റേറ്റാണ് ഇതിനായി കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന്. 50 ഏക്കർ ഭൂമി വാങ്ങുന്നതിനുള്ള നീക്കം തുടങ്ങി. എന്നാൽ ജനവാസ മേഖലയോട് ചേർന്ന് മാലിന്യ സംസ്കരണ കേന്ദ്രം കൊണ്ടുവരാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.
ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഈ പ്രദേശം. ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഒന്നും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. അഞ്ച് ജില്ലകളിലെ ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള പ്ലാന്റാണ് ചണ്ണപ്പേട്ടയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഉൾപ്പടെ പരപ്പാടി എസ്റ്റേറ്റിന് സമീപത്തായി പ്രവർത്തിക്കുന്നുണ്ട്.
പ്രദേശത്തെ മൂവായരത്തിലധികം കുടുംബങ്ങളെ പ്ലാന്റ് ബാധിക്കുമെന്നാണ് ആക്ഷൻ കമ്മിറ്റി പറയുന്നത്. അതുകൊണ്ടുതന്നെ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് പ്രദേശത്തെ നാട്ടുകാരുടെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam