പോത്തുകുട്ടികളെ വാങ്ങാന്‍ പോയി ആന്ധ്രയില്‍ കുടുങ്ങിയ സംഘം തിരികെയെത്തി

By Web TeamFirst Published May 27, 2020, 7:52 PM IST
Highlights

ആന്ധ്രയിലെ പാളക്കോട് നിന്ന് 86 പോത്തുകുട്ടികളെയാണ് വാങ്ങിയത്. എന്നാല്‍, നാട്ടില്‍ എത്തിക്കാനായത് 37 എണ്ണത്തെ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഭക്ഷണം വാങ്ങാനോ പോത്തുകുട്ടികള്‍ക്ക് കച്ചിവാങ്ങാനോ കഴിയാതെ വന്നപ്പോള്‍ ഒമ്പത് എണ്ണത്തെ വില്‍ക്കുകയായിരുന്നു.

തൃക്കുന്നപ്പുഴ: ആന്ധ്രയില്‍ നിന്നും പോത്തുകുട്ടികളെ വാങ്ങാന്‍ പോയ ചിങ്ങോലി സ്വദേശികളായ മൂന്നംഗസംഘം 72-ാം ദിവസം തിരികെയെത്തി. ലോക്ഡൗണിനെ തുടര്‍ന്നു ആന്ധ്രയില്‍ കുടുങ്ങുകയായിരുന്നു. ഇവരെ ക്വാറന്റീനിലാക്കി. ചിങ്ങോലി പഞ്ചായത്തിന്റെ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിനായി പോത്തുകുട്ടികളെ വാങ്ങാന്‍ പോയ ചിങ്ങോലി ശാലിനീഭവനം ശാന്തപ്പന്‍ (58), മകന്‍ ശ്യാംകുമാര്‍ (33), വിദ്യാഭവനം വാമന്‍ (62) എന്നിവരാണു ആന്ധ്ര ഗുണ്ടൂര്‍ ജില്ലയിലെ തിരുച്ചല്ലൂര്‍പേട്ട മാട്ട് ചന്തയിലെ ദുരിത ജീവിതത്തിനു ശേഷം നാട്ടിലെത്തിയത്.

ആന്ധ്രയിലെ പാളക്കോട് നിന്ന് 86 പോത്തുകുട്ടികളെയാണ് വാങ്ങിയത്. എന്നാല്‍, നാട്ടില്‍ എത്തിക്കാനായത് 37 എണ്ണത്തെ മാത്രമാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഭക്ഷണം വാങ്ങാനോ പോത്തുകുട്ടികള്‍ക്ക് കച്ചിവാങ്ങാനോ കഴിയാതെ വന്നപ്പോള്‍ ഒമ്പത് എണ്ണത്തെ വില്‍ക്കുകയായിരുന്നു. ബാക്കി 40 എണ്ണം കടുത്ത ചൂടുമൂലവും മറ്റും പലപ്പോഴായി ചത്തൊടുങ്ങുകയായിരുന്നുവെന്നു ശ്യാംകുമാര്‍ പറഞ്ഞു.

പോത്തുകുട്ടികളെ വാങ്ങുന്നതിനായി മാര്‍ച്ച് 16ന് ആയിരുന്നു നാട്ടില്‍ നിന്ന് ആന്ധ്രയിലേക്ക് തിരിച്ചത്. പോത്തുകുട്ടികളെ വാങ്ങി 22ന് തിരുച്ചല്ലൂര്‍പേട്ടയിലെത്തിയപ്പോള്‍ ലോക്ഡൗണ്‍ മൂലം യാത്ര മുടങ്ങി. ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കി വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണാനുള്ള കാത്തിരിപ്പിലാണു മൂവരും.

click me!