
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ ബന്ധുവായ സൈനികൻ അറസ്റ്റിൽ. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് പിടിയിലായത്. വീട്ടമ്മയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് വീഴ്ത്തിയാണ് മൂന്ന് പവൻ മാല കവർന്നത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പന്നിയോറയിലെ ജാനകിയുടെ മാലയാണ് കവർന്നത്.
ജാനകിയുടെ മകനെ അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് മുഖത്ത് മുളകുസ്പ്രേ അടിച്ച് തള്ളിയിട്ട് മാലയുമായി കടന്നുകളയുകയായിരുന്നു. ജാനകി തനിച്ചായിരുന്നു വീട്ടിൽ താമസം. വെളള ഇരുചക്ര വാഹനത്തിൽ നീല മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. മൂന്ന് പവൻ മാലയുടെ ഒരു ഭാഗം സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ജാനകിയുടെ ബന്ധുവായ സൈനികൻ അരുണിലേക്ക് എത്തിച്ചത്.
ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് ഒരാൾ വീട്ടിലെത്തി. വീട്ടിനുളളിൽ നിന്നാണ് ജാനകി ഇയാളോട് സംസാരിച്ചത്. ഷാജിയെ രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതൻ വീട്ടിനുളളിലേക്ക് കയറി ജനാകിയുടെ മുഖത്ത് മുളകുസ്പ്രേ അടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെങ്കിലും അരുൺ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ മാല മമ്പറത്ത് വിൽക്കാൻ ചെന്നതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു. കൂത്തുപറമ്പ് സിഐ ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അതേസമയം, വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പെടെ നിരവധി കേസിൽ പ്രതിയുമായ തൃപ്പൂണിത്തുറ എരൂർ കേച്ചേരി വീട്ടിൽ സുജിത്ത് (42) ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായി. വെള്ളിയാഴ്ച വൈകുന്നേരം ചെങ്ങന്നൂർ ഐടിഐ ജംഗ്ഷന് സമീപത്തായി പൊലീസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞു വഴിയോര കച്ചവടക്കാരായ അന്യസംസ്ഥാന സ്വദേശികളെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ഇയാള്‍ പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും വിവിധ ജില്ലകളിൽ ബൈക്ക് മോഷണവും, ബൈക്കിൽ എത്തി സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചു കൊണ്ടുപോകുന്നതുൾപ്പടെ നിരവധി കേസിൽ പ്രതിയുമാണെന്ന് തിരിച്ചറിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam