
ഇടുക്കി: വീട്ട് മുറ്റത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനം തീയിട്ട് നശിപ്പിച്ചതായി പരാതി. രാജകുമാരി കുരുവിളാസിറ്റി വിളയക്കാട്ട് ബേസിൽ ജോണിന്റെ വാഹനമാണ് ഇന്ന് പുലർച്ചെ തീയിട്ട് നശിപ്പിച്ചത്. വാഹനത്തിന് തീ കൊളുത്തിയ ശേഷം വീട്ടുമുറ്റത്തും പരിസരത്തും മുളകുപൊടിയും വിതറി. ഇന്ധന ടാങ്കിലേക്ക് തീ പടരുന്നതിന് മുൻപേ അണയ്ക്കുവാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. ശാന്തൻപാറ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വെളുപ്പിന് ഒന്നരയോട് കൂടിയാണ് വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന്ന മഹേന്ദ്ര മേജർ വാഹനത്തിന് തീയിട്ടത്.
തീ പടർന്ന് വാഹനത്തിന്റെ ചില്ല് തകരുന്ന ശബ്‍ദം കേട്ടതിനെ തുടർന്നാണ് വീട്ടിലുള്ളവർ ഉണർന്നത്. സമീപത്തെ കിണറിൽ നിന്നും വെള്ളം കോരി ഒഴിച്ചാണ് തീ അണച്ചത്. ഒരുമാസം മുമ്പ് മുഴുവൻ ജോലികളും പൂർത്തിയാക്കി പുറത്തിറക്കിയ വാഹനമാണ് കത്തി നശിച്ചത്. വാഹനത്തിന്റെ അകം പൂർണമായും കത്തി നശിച്ചു.
പെട്രോൾ ഒഴിച്ച ശേഷം വാഹനത്തിലേക്ക് പന്തം കത്തിച്ച് എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇതിനായി ഉപയോഗിച്ച പന്തം പൊലീസ് കണ്ടെത്തിട്ടുണ്ട്. ഡോഗ് സ്‌ക്വാഡിന് തെളിവ് കിട്ടാതാരിക്കാനാണ് അക്രമികൾ മുളകുപൊടി വിതറിയതെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തും. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.