
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ ഭിന്ന ശേഷിക്കാരനായ പെട്ടിക്കട കച്ചവടക്കാരന്റെ പണമടങ്ങിയ ബാഗ് മോഷണം പോയി. ഏറെ കാലം കൊണ്ട് ചിട്ടി പിടിച്ച് സ്വന്തമാക്കിയ 45000 രൂപയും രോഗിയായ അമ്മയുടെ മരുന്നും ഉൾപ്പെടെയാണ് രമേശനെ കബളിപ്പിച്ച് കള്ളൻ കൊണ്ടു പോയത്. കടുത്തുരുത്തി സർക്കാർ സ്കൂളിന് സമീപം റോഡരികിൽ പെട്ടിക്കടയിൽ ലോട്ടറി കട്ടവടം നടത്തുന്ന കെ.കെ.രമേശൻ എന്ന ഭിന്ന ശേഷിക്കാരന്റെ ബാഗാണ് കള്ളൻ മോഷ്ടിച്ചത്.
ജീവിതത്തിലെ വെല്ലുവിളികളോട് പോരടിച്ച് അതിജീവനത്തിന് എല്ല് മുറിയെ പണിയെടുക്കുന്ന ഭിന്നശേഷിക്കാരനോടാണ് മോഷ്ടാവിന്‍റെ കണ്ണില്ലാത്ത ക്രൂരത. കഴിഞ്ഞ ദിവസം കട തുറന്ന രമേശൻ കൈയിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് കടയിൽ വച്ച ശേഷം റോഡിലേക്ക് ഇറങ്ങി നിന്ന് രമേശൻ ലോട്ടറി വിറ്റിരുന്നു. വൈകിട്ട് ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കടയിൽ വീണ്ടുമെത്തി നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ചിട്ടി പിടിച്ച് സ്വന്തമാക്കിയ 45000 രൂപയ്ക്കു പുറമേ രോഗിയായ അമ്മയ്ക്കുള്ള മരുന്നുകളും രണ്ട് എ ടി എം കാർഡും മോഷണം പോയ ബാഗിലുണ്ടായിരുന്നുവെന്ന് കെ.കെ രമേശൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രമേശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കള്ളനെ കണ്ടുപിടിക്കാനായി അന്വേഷണം തുടങ്ങിയെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
Read More : വെള്ളം ചോദിച്ചെത്തി, വീട്ടമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ കടന്നു; 10 ദിവസത്തിന് ശേഷം യുവാക്കളെ പൊക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam