
ശ്രീനഗർ: ജമ്മു കാശ്മീരിലെ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ആർഎസ് പുര അതിർത്തിയിൽ നിന്ന് സുരക്ഷാ സേന പിടികൂടിയ പ്രാവിന്‍റെ കാലിലാണ് ഭീഷണിക്കുറിപ്പുണ്ടായിരുന്നത്. പാകിസ്ഥാനിൽ നിന്ന് പറന്നുവന്നതായി കരുതുന്ന പ്രാവിനെ ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് അന്താരാഷ്ട്ര അതിർത്തിയിലെ കാട്മാരിയ പ്രദേശത്ത് നിന്നും പിടികൂടിയതെന്നാണ് പുറത്ത് വരുന്ന വിവരം. ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബിട്ട് തകർക്കുമെന്ന സന്ദേശം അടങ്ങിയ ഒരു ചീട്ട് പ്രാവിന്‍റെ കാലിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കശ്മീർ സ്വാതന്ത്ര്യമാകാൻ സമയം വന്നിരിക്കുന്നു, ജമ്മു റെയിൽവേ സ്റ്റേഷൻ സ്ഫോടനം നടത്തുമെന്നുമാണ് കുറിപ്പ്.
ഉറുദുവിലും ഇംഗ്ലീഷിലും ഭീഷണി സന്ദേശം ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണിക്ക് പിന്നാലെ ജമ്മു റെയിൽവേ സ്റ്റേഷനിൽ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഡോഗ് സ്ക്വാഡുകളും ബോംബ് സ്ക്വാഡുകളും സുരക്ഷാ സേനയും റെയിൽവേ സ്റ്റേഷൻ പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം വ്യാജമാണോ, അതോ ആസൂത്രിതമായ ഗൂഢാലോചനയാണോ എന്ന് സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സുരക്ഷാ ഏജൻസികൾ ഭീഷണി ഗൗരവമായി എടുത്ത് റെയിൽവേ സ്റ്റേഷനിലെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.