
കണ്ണൂർ: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജയില്‍ അധികൃതർക്ക് ഗുരുതരവിഴ്ച്ച സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തല്‍. പ്രതികളെ സെല്ലിന് പുറത്തിറക്കുമ്പോഴും സെല്ലിലേക്ക് കയറ്റുമ്പോഴും ജയില്‍ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരിക്കണമെന്ന നിയമം പാലിച്ചില്ലെന്ന് ജയില്‍ ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍ വനിതാ ജയിലില്‍ നിലവില്‍ തടവുകാരെക്കാള്‍ കൂടുതല്‍ ജീവനക്കാരുണ്ട്. നിലവില്‍ 20 തടവുകാരും 23 ജീവനക്കാരുമാണ് കണ്ണൂരിലെ വനിതാ ജയിലിലുള്ളത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് നാല് പേർ മാത്രമാണ്. ഏതാണ്ട് മൂന്നേക്കറോളം വിസ്തൃതിയുള്ള ജയിലില്‍ സൌമ്യയെ കാണാനില്ല എന്ന് മനസിലാക്കുന്നത് , ജയില്‍ വളപ്പിലെ മരക്കൊമ്പില്‍ അവരെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുമ്പോള്‍ മാത്രമാണ്.
തടവുകാരെ എല്ലാ ദിവസവും രാവിലെ ആറിനാണ് ജോലിക്കായി സെല്ലിൽ നിന്ന് പുറത്തിറക്കുന്നത്. 7.30ന് പ്രാതൽ കഴിച്ചശേഷം വീണ്ടും ഇവരെ ജോലിക്കിറക്കും. സൌമ്യ ആത്മഹത്യ ചെയ്ത അന്ന് രാവിലെ 9.30 നാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. സഹതടവുകാരിയുടെ സാരിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. റിമാൻഡ് തടവുകാർ ജയിലിനുള്ളിൽ സ്വന്തം വസ്ത്രങ്ങളാണ് ഉപയോഗിക്കുക. സഹതടവുകാരിയുടെ വസ്ത്രം എങ്ങനെയാണ് സൗമ്യയുടെ കൈയ്യിൽ എത്തിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വിചാരണ തടവുകാരെ ഒഴിവാക്കി ശിക്ഷിക്കപ്പെടുന്ന തടവുകാർക്ക് മാത്രമാണ് ജയിലിനുള്ളില്‍ ജോലി നല്‍കുക. എന്നാല്‍ റിമാന്‍റ് തടവുകാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ക്കും ജയിലിലെ ജോലികള്‍ വിഭജിച്ച് നല്‍കും. എന്നാല്‍ ഇത്തരത്തില്‍ ജോലികള്‍ തടവുകാരെ ഏല്‍പ്പിക്കുകയാണെങ്കില്‍, തടവുകാരുടെ മാനസികനില, ഉൾപ്പെട്ട കേസിന്‍റെ സ്ഥിതി എന്നിവയെ അടിസ്ഥാനമാക്കി വേണമെന്നാണ് ചട്ടം.
മാത്രമല്ല. തടവുകാര്‍ സെല്ലില്‍ നിന്ന് പുറത്തുപോകുമ്പോഴും ജോലികഴിഞ്ഞ് സെല്ലിലേക്ക് കയറുമ്പോഴും ഉദ്യോഗസ്ഥർ എണ്ണമെടുത്ത് തടവുകർ രക്ഷപ്പെട്ടിട്ടിലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്നും കണ്ണൂര്‍ വനിതാ ജയിലില്‍ നടന്നിട്ടില്ലെന്നു മാത്രമല്ല, സെല്ലിന് പുറത്തിറങ്ങിയ പ്രതിയെ മരിച്ചതിന് ശേഷമാണ് കണ്ടെത്തുന്നതെന്നതും ഗുരുതരമായ വീഴ്ച്ചയാണ്.
വനിതാ ജയിൽ സൂപ്രണ്ട് പ്രാഥമിക റിപ്പോർട്ട് ഉത്തരമേഖലാ ജയിൽ ഡിഐജി എസ്. സന്തോഷിന് കൈമാറി. റീജനൽ വെൽഫെയർ ഓഫീസർ കെ.വി. മുകേഷിനോടും ഡിഐജി റിപ്പോർട്ട് ആവശ്യപ്പെട്ടു. വിശദമായ അന്വേഷണത്തിന് ഡിഐജി അടുത്തദിവസം ജയിലിലെത്തും. ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയാറായിട്ടില്ല. ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്മോർട്ടം ചെയ്യുന്ന മൃതദേഹം പൊലീസിന്‍റെ നേതൃത്വത്തിൽ സംസ്കരിക്കും. സ്വന്തം മാതാപിതാക്കളെയും മകളെയും അടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നൽകി കൊന്നത്. പൊലീസ് കുറ്റപത്രം നല്‍കിയ മൂന്ന് കേസിലുമായി ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് വെള്ളിയാഴ്ച സൗമ്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam