
കോഴിക്കോട്: അന്തരിച്ച നടന്‍ മാമുക്കോയയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് അരക്കിണര്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി മാമുക്കോയയുടെ ഭാര്യ, മക്കള്‍ എന്നിവരെ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളുമായി 10 മിനിറ്റോളം സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 26നായിരുന്നു മാമുക്കോയയുടെ അന്ത്യം. മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാമുക്കോയയുടെ സംസ്ക്കാര ചടങ്ങിൽ പ്രമുഖ സിനിമ താരങ്ങളും രാഷ്ട്രീയ നേതാക്കളും എത്താതിരുന്നത് ചർച്ചയായിരുന്നു. എന്നാൽ ഒന്നിനെതിരെയും പരാതി പറയാത്ത മാമുക്കോയയെ പോലെ തന്നെ കുടുംബാംഗങ്ങൾക്കും ഇക്കാര്യത്തി പരാതി ഉണ്ടായിരുന്നില്ല.
മാമൂക്കോയയെ അനുസ്മരിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ
നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നർമ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കി. നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറി. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam