വീട്ടുകാരറിയാതെ വൃദ്ധസദനം തേടിയിറങ്ങി; വയോധികയ്ക്ക് തുണയായി ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പൊലീസും

By Web TeamFirst Published Jan 18, 2023, 9:35 AM IST
Highlights

വിഴിഞ്ഞം തെന്നൂർക്കോണം പട്രോൾ പമ്പിന് സമീപം താമസിക്കുന്ന ലീലാമ്മയാണ് വീട്ടുകാരറിയാതെ വൃദ്ധ സദനം തേടിയിറങ്ങിയത്.

തിരുവനന്തപുരം: വീട്ടുകാരറിയാതെ വീട് വിട്ടിറങ്ങിയ വയോധികക്ക് തുണയായി തിരുവനന്തപുരം സിറ്റിയിലെ ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പൊലീസും. വിഴിഞ്ഞതത്ത് നിന്നും വീടുവിട്ടിറങ്ങി ഓട്ടോയിൽ നഗരത്തിലെത്തിയ വയോധികയ്ക്കാണ് സിറ്റിയിലെ ആട്ടോ ഡ്രൈവർമാരും പിങ്ക് പൊലീസും രക്ഷകരായി മാറിയത്. തിരുവനന്തപുരം പട്ടത്ത് എത്തിയ 93 കാരിയെ പൊലീസ് തിരികെ വിഴിഞ്ഞത്ത് എത്തിച്ച്  വീട്ടുകാരെ ഏല്പിച്ചു. 

വിഴിഞ്ഞം തെന്നൂർക്കോണം പട്രോൾ പമ്പിന് സമീപം താമസിക്കുന്ന ലീലാമ്മയാണ് വീട്ടുകാരറിയാതെ വൃദ്ധ സദനം തേടിയിറങ്ങിയത്. ഇന്നലെ രാവിലെ വിഴിഞ്ഞത്ത് നിന്ന് ഓട്ടോയിൽ കയറിയ ലീലാമ്മ ഉച്ചയോടെയാണ് പട്ടത്ത് എത്തിയത്. അവിടെ  വൃദ്ധ സദനം അന്വേഷിക്കുന്നത് കണ്ട് പന്തികേട്  തോന്നിയ ഓട്ടോ ഡ്രൈവർ പിങ്ക് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിങ്ക് പൊലീസ് സ്ഥലത്തെത്തി ലീലാമ്മയോട് കാര്യങ്ങൾ തിരക്കി. 

വിഴിഞ്ഞം തെന്നൂർക്കോണത്താണ് വീടെന്ന് പറഞ്ഞതോടെ പിങ്ക് പൊലീസ് വിഴിഞ്ഞം ജനമൈത്രി പൊലീസിന്‍റെ സഹായം തേടി. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട് കണ്ടുപിടിച്ചാണ് വയോധികയെ ബന്ധുക്കൾക്കൊപ്പം വിട്ടത്. മരണപ്പെട്ടു പോയ ഒരു മകന്റെ വീട്ടിലാണ് വൃദ്ധയുടെ താമസം. അണിഞ്ഞിരുന്ന ആഭരണങ്ങൾക്ക് പുറമേ ഏഴായിരത്തോളം രൂപയും  കൈയ്യിൽ  കരുതിയാണ് ലീലാമ്മ വീടു വിട്ടിറങ്ങിയതെന്ന്  വിഴിഞ്ഞം ജനമൈത്രി പൊലീസ് എസ്.ഐ. ജോൺ ബ്രിട്ടോ പറഞ്ഞു.

Read More : 'ഉടുമുണ്ട് അഴിച്ച് ബാത്ത്റൂമിലെ ജനലില്‍ തൂങ്ങി'; നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യാശ്രമം

click me!