അങ്കണവാടിക്ക് സമീപം സെപ്ടിക് ടാങ്കിനായി എടുത്ത കുഴി മൂടിയില്ല; രക്ഷിതാക്കള്‍ ആശങ്കയില്‍

By Web TeamFirst Published Jan 11, 2023, 4:16 PM IST
Highlights

 20 കുട്ടികളാണ് ഇതിന് സമീപത്തെ അങ്കണവാടിയിൽ പഠിക്കുന്നത്. 
 


മുളക്കുഴ: അങ്കണവാടിയ്ക്ക് സമീപം സെപ്ടിക് ടാങ്കിനായി കുറച്ച് നാൾമുമ്പെടുത്ത കുഴി മൂടാത്തതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. ഈ കുഴിയിൽ ഇപ്പോഴും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. മുളക്കുഴ പഞ്ചായത്തിലെ മൂന്നാം വാർഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് സമീപമാണ് ഏറെ അപകട സാധ്യതയുള്ള കുഴിയുള്ളത്. 20 കുട്ടികളാണ് ഇതിന് സമീപത്തെ അങ്കണവാടിയിൽ പഠിക്കുന്നത്. 

അപകട സാധ്യത ഏറെയുണ്ടായിട്ടും അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. എം. സി. റോഡിൽ മുളക്കുഴ കാണിക്കാ മണ്ഡപം ജങ്ഷനിൽ നിന്നും 40 മീറ്റർ അകലെയുള്ള സാംസ്കാരിക നിലയത്തിന്‍റെ കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. അങ്കണവാടി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ശൗചാലയത്തിന്‍റെ പണികളും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. 20 കുട്ടികൾക്ക് പുറമെ രണ്ട് ജീവനക്കാരും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. പണികൾ ഉടൻ പൂർത്തിയാക്കി നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചെങ്കിലും ഏറെ നാളായിട്ടും നടപടിയായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. 


കൂടുതല്‍ വായനയ്ക്ക്:  കോഴിക്കോട് ഗവണ്‍മെന്‍റ് ലോ കോളേജിൽ കെ എസ് യു -  എസ് എഫ് ഐ സംഘർഷം
 

click me!